സൗകര്യമൊരുക്കലാണ് വേണ്ടത്; ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല: മന്ത്രി ആര്. ബിന്ദു
1598715
Saturday, October 11, 2025 12:49 AM IST
ഇരിങ്ങാലക്കുട: റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് തടയുന്ന നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആര്. ബിന്ദു പറഞ്ഞു. അടിസ്ഥാന പശ്ചാത്തലസൗകര്യങ്ങള്‍ ആവശ്യാനുസരണം ഒരുക്കുന്നതിനു പകരം ജനങ്ങള്‍ക്ക് ഉപദ്രവകരമായ നടപടികളെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പ്രസ്താവനയില്‍ പറഞ്ഞു.
അടിസ്ഥാന പശ്ചാത്തലസൗകര്യങ്ങള്‍ സ്ഥാപിക്കുക, നിര്‍ത്തിവെച്ച സ്റ്റോപ്പുകള്‍ വീണ്ടും നല്‍കുക, ആവശ്യപ്പെട്ട പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുക, ഇരിങ്ങാലക്കുടയെ തൃശൂര്‍ ജില്ലയിലെ രണ്ടാമത്തെ മുഖ്യ സ്റ്റേഷനാക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള വലിയ ജനകീയ പ്രക്ഷോഭങ്ങളാണ് റെയില്‍വേയ്ക്കെതിരെ ഉയര്‍ന്നു തുടങ്ങിയിട്ടുള്ളത്.
ഇവയ്ക്ക് തെല്ലും വിലകല്‍പ്പിക്കാതെ ജനകീയ ആവശ്യങ്ങളെ അവഗണിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് തടയുന്ന നടപടിയില്‍ ഉള്ളത്.
ജനവിരുദ്ധ നടപടികളല്ല ജനകീയാവശ്യങ്ങള്‍ അംഗീകരിക്കലാണ് ഉണ്ടാവേണ്ടത്. ജനകീയ ആവശ്യങ്ങള്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ജനപ്രതിനിധിയെന്ന നിലയ്ക്ക് ഈ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ ഞാനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സബ്വേ ആവശ്യപ്പെട്ട്
ജനകീയ സമരസദസ്
ഇരിങ്ങാലക്കുട: ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാതെ കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിലൂടെയുള്ള നടപ്പാത അടച്ചുപൂട്ടിയതിനെതിരെ ഇന്ന് വൈകീട്ട് നാലിന് കല്ലേറ്റുംകര വികസന സമിതിയും സംയുക്തമായി ജനകീയ സമര സദസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അപകടയാത്രയ്ക്കുള്ള അവകാശവാദമല്ല, ജീവസുരക്ഷയ്ക്കുള്ള ബദല്‍ മാര്‍ഗങ്ങളാണ് സമരസദസിലൂടെ ലക്ഷ്യമാക്കുന്നതെന്ന് വര്‍ഗീസ് തൊടുപറമ്പില്‍, പ്രസിഡന്റ് വര്‍ഗീസ് പന്തല്ലൂക്കാരന്‍, വര്‍ക്കിംഗ് പ്രസിഡന്റ്് അഡ്വ. കെ.എഫ്. ജോസ്, പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ.കെ. ബാബു, കല്ലേറ്റുംകര വികസന സമിതി വര്‍ക്കിംഗ് പ്രസിഡന്റ്് പി.എല്‍. ജോസ് എന്നിവര്‍ അറിയിച്ചു.