ഒരുക്കങ്ങൾ വിപുലം, മുത്തിയുടെ തിരുനാൾ ഇന്നും നാളെയും
1598722
Saturday, October 11, 2025 12:49 AM IST
കൊരട്ടി: നാനാജാതിമതസ്ഥരായ ജനങ്ങൾ അനുഗ്രഹം തേടിയെത്തുന്ന കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അദ്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും.
ഭക്തജനപ്രവാഹം മുന്നിൽക്കണ്ട് വിപുലമായ ക്രമീകരണങ്ങളാണ് പള്ളിയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്. ഇന്നു രാവിലെ 5.30 നു വിശുദ്ധ കുർബാനയ്ക്കുശേഷം പൂവൻകായ വെഞ്ചരിപ്പ്. ഏഴിനു ഫാ. ലൂക്കോസ് കുന്നത്തൂരിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന. ഒന്പതിന് ഫാ. ജോസഫ് ഓലിപ്പറമ്പിൽ ലത്തീൻ റീത്തിൽ ദിവ്യബലി അർപ്പിക്കും. 10.30 ന് ആഘോഷമായ സമൂഹബലിക്ക് ഇടവകവൈദികർ നേതൃത്വം നൽകും. ഉച്ചയ്ക്ക് 1.30 നു ഫാ. മാർട്ടിൻ കല്ലുങ്കൽ ഇംഗ്ലീഷിൽ കുർബാന അർപ്പിക്കും. മൂന്നിന് ഫാ. പോൾസൺ പെരേപ്പാടന്റെ കാർമികത്വത്തിൽ സുറിയാനി കുർബാന. അഞ്ചിന് ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. ആൽബിൻ വെള്ളാഞ്ഞിയിൽ കാർമികനാകും. 8.30 നും ദിവ്യബലി ഉണ്ടായിരിക്കും.
തിരുനാൾദിനമായ നാളെ രാവിലെ അഞ്ചിന്, വർഷത്തിൽ ഒരു ദിവസംമാത്രം വണക്കത്തിനായി മദ്ബഹയിൽനിന്നു കൂടുതുറന്ന് പുറത്തേക്ക് എടുക്കാറുള്ള അദ്ഭുതരൂപം എഴുന്നള്ളിച്ചുവയ്ക്കും. വികാരി ഫാ. ജോൺസൺ കക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ഏഴിനും 8.30 നും ദിവ്യബലികൾക്കു യഥാക്രമം ഫാ. ജിൻസ് ഞാണയ്ക്കലും ഫാ. റോമൽ കണിയാംപറമ്പിലും നേതൃത്വം നൽകും. 10.30 ന് ആഘോഷമായ തിരുനാൾപാട്ടുകുർബാന. ഫാ. വിപിൻ വേരൻപിലാവ് കാർമികനാകും. ഉച്ചയ്ക്ക് 1.30 നു തമിഴിൽ വിശുദ്ധകുർബാന. 2.30ന് ഫാ. പ്രവീൺ വെള്ളാട്ടുപറമ്പിലിന്റെ കാർമികത്വത്തിൽ പാട്ടുകുർബാനയെതുടർന്ന് നാല് അങ്ങാടിചുറ്റി പ്രദക്ഷിണം. 4.30നും 7.30നും 9.30നും വിശുദ്ധ കുർബാനകൾ. 11.30ന് അദ്ഭുതരൂപം അകത്തേക്കു കയറ്റിവയ്ക്കും.
18, 19 തീയതികളിൽ എട്ടാമിടവും 25, 26 തീയതികളിൽ പതിനഞ്ചാമിടവും ആഘോഷിക്കും.
ആത്മീയനിറവിൽ
ഇടവകജനങ്ങളുടെ
കാഴ്ചസമർപ്പണം
കൊരട്ടി: 39 കുടുംബ യൂണിറ്റുകളിൽനിന്ന് കാൽനടയായും വാഹനങ്ങളുടെ അകമ്പടിയോടെയും ഇടവകജനം പള്ളിയിലെത്തി കാഴ്ചസമർപ്പണം നടത്തി. വികാരി ഫാ. ജോൺസൺ കക്കാട്ട് പ്രാർഥനാശുശ്രൂഷയ്ക്കുശേഷം കാഴ്ചക്കുലകൾ ഏറ്റുവാങ്ങി. തുടർന്നുനടന്ന ദിവ്യബലിക്കു ഫാ. ജെറിൻ കിളിയന്തറ കാർമികനായി.