മുത്തിക്കു പൂവൻകുലകളുമായി പോലീസ് സേനയും വ്യാപാരിസമൂഹവും ടാക്സി തൊഴിലാളികളും
1598165
Thursday, October 9, 2025 1:26 AM IST
കൊരട്ടി: മുത്തിയുടെ തിരുനടയിൽ പൂവൻകുലകളുമായി പോലീസ് സേനയെത്തി. തിരുനാളിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി വിന്യസിക്കും മുമ്പ് കാഴ്ചയായി പൂവൻകുലകൾ സമർപ്പിക്കുകയെന്ന കാലങ്ങളായി തുടർന്നു വരുന്ന ആചാരത്തിന് ഭംഗംവരാതെയാണ് സേന മുത്തിയുടെ സവിധത്തിലെത്തിയത്. ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, സബ് ഇൻസ്പെക്ടർമാരായ ഒ.ജി.ഷാജു, എം.വി. ജോയ്, എം.ഡി. പോളി എന്നിവരുടെ നേതൃത്വം നൽകി.
കൊടിയേറ്റ് ദിനത്തിൽ കൊരട്ടിമുത്തിക്ക് പൂവൻ കുലകളുമായിയെത്തുന്ന കൊരട്ടിയിലെ വ്യാപാരി സമൂഹം ആത്മീയനിറവോടെ പതിവുപോലെ ഈ വർഷവും മുത്തിയുടെ സന്നിധിയിലെത്തി. കൊരട്ടി ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെയും വർണാഭമായ കാവടിയാട്ടത്തിന്റെ അകമ്പടിയോടെയുമാണ് പള്ളിയിലെത്തിയത്.
അസോസിയേഷൻ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ, യൂണിറ്റ് ഭാരവാഹികളായ ബെന്നി ജോസഫ്, പി.വി.ഫ്രാൻസീസ്, വി.പി. ജോർജ്, എം.ഡി. പോൾ, വർഗീസ് പൈനാടത്ത്, ടി.ഒ.ഡേവീസ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപാരികൾ കുടുംബസമേതം കാഴ്ച സമർപ്പണത്തിനെത്തിയത്.
കൊരട്ടിയിലെ ഓട്ടോ - ടാക്സി ഡ്രൈവേഴ്സ് യൂണിയനുകളും സംയുക്തമായി മുത്തിക്ക് നേർച്ച കുലകളുമായി എത്തിയിരുന്നു. ലയൺസ് ക്ലബ് ഇന്റർനാഷണൽ, വൈഎംസിഎ, ബിജെപി ന്യൂനപക്ഷ മോർച്ച തുടങ്ങിയ സംഘടനകളും കാഴ്ച സമർപ്പണത്തിനെത്തിയിരുന്നു. വികാരി ഫാ. ജോൺസൺ കക്കാട്ടും സഹവികാരിമാരും നേർന്ന് നേർച്ചക്കുലകൾ ഏറ്റുവാങ്ങി.