ചിറയോരം ടൂറിസത്തിന് മാറ്റുകൂട്ടാന്‍ ബോട്ടിംഗും
1598584
Friday, October 10, 2025 7:16 AM IST
മുരിയാട്: ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ടൂറിസം ഡെസ്റ്റിനേഷന്‍ ആയ മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ ചിറയോരം ടൂറിസത്തിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനത്തിന് ആരംഭം കുറിക്കുന്നു.
2026 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നാംഘട്ടത്തില്‍ കുട്ടികളുടെ പാര്‍ക്കും ബോട്ടിംഗുമാണ് ഉണ്ടാകുക. ബോട്ടിംഗ് ആരംഭിക്കുന്നതിന്റെ പ്രാഥമികഘട്ടം എന്ന നിലയ്ക്ക് തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നിര്‍ദേശാനുസരണം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഇടപെടലില്‍ പൂമല ഡാമില്‍നിന്നും രണ്ടു ബോട്ടുകള്‍ പുല്ലൂര്‍ പൊതുമ്പുചിറയില്‍ എത്തിച്ചു. ഏറ്റവും വെള്ളം കുറഞ്ഞ അവസ്ഥയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബോട്ടിംഗ് നടത്തുകയും പരീക്ഷണ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ബോട്ടിംഗ് ആരംഭിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞു.
രണ്ടു മാസത്തിനുള്ളില്‍ ബോട്ടിംഗ് ആരംഭിക്കാന്‍ കഴിയുമെന്നും ഇരിങ്ങാലക്കുട എംഎല്‍എയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അറിയിച്ചു. ട്രയല്‍ റണ്ണിന് പഞ്ചായത്ത് പ്രസിഡന്റിനും പൂമല ഡാമിലെ ബോട്ട് ഓപ്പറേറ്റേഴ്സിനുമൊപ്പം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്തംഗം സേവ്യര്‍ ആളൂക്കാരന്‍, സെക്രട്ടറി എം. ശാലിനി, അസി. എന്‍ജിനീയര്‍ സിമി സെബാസ്റ്റ്യന്‍ പാടശേഖരസമിതി ഭാരവാഹി ചാര്‍ളി, ഓവര്‍സിയര്‍ ഗ്രീഷ്മ എന്നിവരും പങ്കെടുത്തു.