“കൂർക്കഞ്ചേരി ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചതല്ല, നഷ്ടപ്പെട്ടത് ”
1598570
Friday, October 10, 2025 7:15 AM IST
തൃശൂർ: കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തിരുവാഭരണം കൊള്ളയടിക്കപ്പെട്ടെന്ന ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് പ്രേംകുമാറിന്റെ വെളിപ്പെടുത്തലിനെതിരേ ക്ഷേത്രം ഭരണസമിതി.
ആഭരണം നഷ്ടപ്പെട്ടതാണെന്നും അത്രയും സ്വർണം ഉത്തരവാദികളായവരിൽനിന്നു ക്ഷേത്രത്തിലേക്കു സമർപ്പിച്ചതായും സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ക്ഷേ ത്രം ഭരണസമിതി വ്യക്തമാക്കി. ക്ഷേത്രത്തിലെ മുൻപ്രസിഡന്റ് കെ.വി. സദാനന്ദൻ തിരുവാഭരണം ഉരുക്കിയെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രേംകുമാർ പ്രമുഖ വാർത്താചാനലിലൂടെ ആവശ്യപ്പെട്ടത്.
2023ലെ പൂയമഹോത്സവത്തിനിടെയാണ് മാല നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ക്ഷേത്രത്തിലെ മുരുകന്റെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 16 ഗ്രാമിന്റെ മാലയാണ് കാണാതായത്. ഇതു 2022 ജനുവരി 18 ലെ തൈപ്പൂയത്തിനു വിഗ്രഹത്തിൽ ചാർത്താൻ ക്ഷേത്രം മേൽശാന്തിയെ ഏൽപ്പിച്ചതായിരുന്നു. അക്കൊല്ലം ഉത്സവത്തിന് ആന ഇടഞ്ഞുണ്ടായ തിരക്കിനിടെ സ്വർണാഭരണം എണ്ണിത്തിട്ടപ്പെടുത്തി തിരിച്ചേൽപ്പിക്കാൻ ശാന്തിമാർക്കു സാധിച്ചില്ല.
പിന്നീടുവന്ന ഭരണസമിതി 2023ൽ മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപെട്ടപ്പോൾ താംബൂലപ്രശ്നം വയ്ക്കുകയും എവിടെയോ മറഞ്ഞുകിടപ്പുണ്ടെന്നു പ്രശ്നവശാൽ കാണുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ 2023 സെപ്റ്റംബർ 18 നു ചേർന്ന കമ്മിറ്റിയോഗ തീരുമാനപ്രകാരം ഈസ്റ്റ് പോലീസിൽ പരാതി നൽകി. മാത്രമല്ല നഷ്ടപ്പെട്ട സ്വർണം ക്ഷേത്രത്തിലേക്ക് ഉത്തരവാദികളിൽനിന്നു മുതൽകൂട്ടിയതായും ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി, സെക്രട്ടറി മുകുന്ദൻ കുരുന്പേപ്പറന്പിൽ, ഉന്മേശ് പാറയിൽ, അനൂപ്കുമാർ പാന്പുകാട്ടിൽ, കെ.ആർ. മോഹനൻ കാട്ടുങ്ങൽ എന്നിവർ വ്യക്തമാക്കി.
തിരുവാഭരണം കൊള്ളയടിക്കപ്പെട്ടെന്നു പ്രചാരണം നടത്തു ന്നവർക്കെതിരേ സിറ്റി പോലീസ് കമ്മീഷണർ, ഐജി, ജില്ലാ കളക്ടർ എന്നിവർക്കു പരാതി നൽകിയതായും ക്ഷേത്രം ഭരണസമിതി അറിയിച്ചു.