കലാഭവൻ മണി സ്മാരകം: ശിലാസ്ഥാപനം കഴിഞ്ഞ് അഞ്ചു മാസമായിട്ടും നിർമാണം ആരംഭിച്ചില്ല
1598719
Saturday, October 11, 2025 12:49 AM IST
ചാലക്കുടി: ഏറെ വർഷങളുടെ കാത്തിരിപ്പിനൊടുവിൽ നിർമാണോദ്ഘാടനം നടത്തിയ കലാഭവൻ മണി സ്മാരക നിർമാണം ഇനിയും ആരംഭിച്ചില്ല. കഴിഞ്ഞ മേയ് 27ന് സാംസ്കാരിക മന്ത്രി സജി ചെറിയനാണ് കലാഭവൻ മണി സ്മാരക നാടൻ കലാപഠന ഗവേഷണ കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം നടത്തിയത്.
കേരള ഫോക്ലോർ അക്കാദമിയുടെ ഉപകേന്ദ്രമായിട്ടാണ് സ്മാരകനിർമാണം. എന്നാൽ ശിലാസ്ഥാപന ചടങ്ങ് കൊട്ടും കുരവയുമായി ആഘോഷമായി നടത്തിയതല്ലാതെ നിർമാണം ആരംഭിച്ചില്ല.
ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണചുമതല നൽകിയിരുന്നത്. എന്നാൽ സൊസൈറ്റി ഇവിടേക്ക് തിരിഞ്ഞുപോലും നോക്കുന്നില്ല. നേരത്തെ സ്മാരകനിർമാണം ആരംഭിക്കാത്തതിനെ ചൊല്ലി ഏറെ പ്രക്ഷോഭങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ എല്ലാവരും ഇക്കര്യം മറന്നമട്ടാണ്.
2017ൽ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് മൂന്ന്കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ സർക്കാരിൽ പണം ഇല്ലാത്തതാണ് സ്മാരക നിർമാണം ആരംഭിക്കാത്തതെന്ന് അറിയുന്നു.