തെരുവുനായ്, കാട്ടുപന്നി, തേനീച്ച; വലഞ്ഞ് പൊതുജനങ്ങൾ
1598575
Friday, October 10, 2025 7:16 AM IST
നാട്ടിൽ തെരുവുനായ്ശല്യം രൂക്ഷം
തൃശൂർ: മാടക്കത്തറ പഞ്ചായത്തിൽ കുറ്റിക്കാട് പരിസരത്തു തെരുവുനായകളുടെ ശല്യം രൂക്ഷം. യാത്രക്കാർക്കും വാഹനങ്ങൾക്കും സ്കൂൾവിദ്യാർഥികൾക്കും നേരേ നായ്ക്കൾ രാപ്പകൽഭേദമെന്യേ പാഞ്ഞടുക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു. കാർഷികസർവകലാശാല, സ്കൂളുകൾ എന്നിവിടങ്ങളിലേക്കു നിരവധിപ്പേരാണ് ഈവഴി യാത്രചെയ്യുന്നത്.
മുത്തച്ഛനും പേരക്കുട്ടിക്കും തേനീച്ചക്കുത്തേറ്റു
ചേലക്കര: സ്കൂളിൽനിന്നു മടങ്ങുന്നതിനിടെ മുത്തച്ഛനും പേരക്കുട്ടിക്കും തേനീച്ചയുടെ കുത്തേറ്റു. ചേലക്കര ചെട്ടിത്തെരുവ് റോഡിൽ വെങ്ങാനല്ലൂർ സ്വദേശി ലക്ഷ്മണനും പേരക്കുട്ടിക്കുമാണു കുത്തേറ്റത്. ഗുരുതരാവസ്ഥയിലായ ലക്ഷ്മണൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിൽനിന്നു പേരക്കുട്ടിയുമായി ബൈക്കിൽ വീട്ടിലേക്കു പോകുന്പോഴാണു സംഭവം. കുട്ടിയെ തേനീച്ച കുത്തിയതോടെ ലക്ഷ്മണ് ബൈക്ക് നിർത്തി. കുട്ടിയോട് ഓടിരക്ഷപ്പെടാൻ ആവശ്യപ്പെട്ടു. ലക്ഷ്മണന്റെ മുഖത്തും തലയിലുമടക്കം മാരകമായി കുത്തേറ്റു.
അവശനിലയിലായ ഇരുവരെയും മേപ്പാടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കപ്പകൃഷി നശിപ്പിച്ച് കാട്ടുപന്നികൾ
വടക്കാഞ്ചേരി: കപ്പകൃഷി നശിപ്പിച്ച് കാട്ടുപന്നികൾ. കർഷകർ ദുരിതത്തിൽ. പാർളിക്കാട് ചേനോത്ത് വീട്ടിൽ ജോസിന്റെ കൃഷിയിടത്തിലെ കപ്പയാണ് കൂട്ടത്തോടെയെത്തിയ പന്നികൾ തകർത്തത്. കഴിഞ്ഞ ദിവസമാണ് വിളവെടുപ്പിനുപാകമായ കപ്പതോട്ടം പന്നികൾ കുത്തിമറിച്ച് ഭക്ഷണമാക്കിയത്.
കുറാഞ്ചേരിക്കടുത്ത് കൃഷിയെ സ്നേഹിക്കുന്ന പ്രദേശവാസികളിലെ ചിലർ സൗജന്യമായി വിട്ടു നൽകിയ കൃഷിയിടത്തിലാണ് 2000 ത്തിലേറെ കൊള്ളിചെടികൾ നട്ടുവളർത്തിയത്. രാത്രി സമയങ്ങളിൽ പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും കാവലിരുന്നാലും കണ്ണു തെറ്റിയാൽ കാട്ടുപന്നികൾ ഒരു നിമിഷംനേരംകൊണ്ട് തകർത്തുകളയുന്നത് പതിവാണ്.