വീട് കുത്തിത്തുറന്ന് മൂന്നുപവൻ കവർന്നു
1598573
Friday, October 10, 2025 7:15 AM IST
കൊടുങ്ങല്ലൂർ: ടി.കെ.എസ്. പുരത്തു വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് മൂന്നു പവന്റെ ആഭരണവും പണവും കവർച്ചചെയ്തു. ടി.കെ.എസ്. പുരം മേത്തല സർവീസ് സഹകരണ ബാങ്കിനു കിഴക്കുഭാഗത്തു തിരുമുപ്പം റോഡിൽ കെഎസ്ഇബി അസി. എൻജിനീയർ ആലിങ്ങപ്പൊക്കം ആനന്ദന്റെ വീട്ടിലാണു കവർച്ച നടന്നത്. വീട്ടിൽ അമ്മ അംബുജാക്ഷിയും ഭാര്യ സ്മിതയുംമാത്രമേ ഉണ്ടായിരുന്നുള്ളൂ. ആനന്ദൻ കോഴിക്കോട്ടെ ജോലിസ്ഥലത്താണ്.
ഇന്നലെ രാവിലെ അംബുജാക്ഷി മുറിയിൽ എത്തിയപ്പോഴാണ് അലമാര തുറന്നനിലയിലും സാധനങ്ങൾ സമീപത്തെ കട്ടിലിൽ വാരിവലിച്ചിട്ട നിലയിലും കണ്ടത്. പരിശോധനയിൽ കമ്മലും മാലയും ഉൾപ്പെടെ മൂന്നു പവൻ സ്വർണവും 300 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് വാർഡ് കൗണ്‍സിലർ മുഖേന കൊടുങ്ങല്ലൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.