പോലീസിന്റെ പരാക്രമം അഭിഭാഷകനോട്; കോടതി ഇടപെട്ടപ്പോൾമാത്രം വടിയെടുത്ത് കമ്മീഷണർ
1598572
Friday, October 10, 2025 7:15 AM IST
തൃശൂർ: കേസിൽ പ്രതിയായ കക്ഷിയെ കാണാൻ പോലീസ് സ്റ്റേഷനിൽ ചെന്ന അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അസിസ്റ്റന്റ് കമ്മീഷണർ നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് കോടതി ഇടപെട്ടു.
ഗത്യന്തരമില്ലാതെ വടിയെടുത്ത് പോലീസ് കമ്മീഷണർ. ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനോട് അച്ചടക്കനടപടിയുടെ ഭാഗമായി വിശദീകരണം ആരാഞ്ഞ് പോലീസ് കമ്മീഷണർ താക്കീതുനൽകി. അഡ്വ. സഞ്ജു കെ. ശിവന്റെ പരാതിയിലാണു നടപടി. കഴിഞ്ഞ ജൂലൈ 18നു തൃശൂർ വെസ്റ്റ് സ്റ്റേഷനിലെ എസ്ഐ വി.ബി. അനുപിൽനിന്നും മറ്റു പോലീസുകാരിൽനിന്നുമാണ് അഭിഭാഷകനു ദുരനുഭവമുണ്ടായത്.
ഒരു കേസിലെ പ്രതിയുടെ അമ്മ ആവശ്യപ്പെട്ടപ്പോഴാണ് അഡ്വ. സഞ്ജു കെ. ശിവൻ സ്റ്റേഷനിലെത്തിയത്. ഈ സമയം പ്രതിയുടെ അമ്മയെ പോലീസുകാർ സ്റ്റേഷനകത്തേക്കു വിളിച്ചു. കൂടെ അഭിഭാഷകനും കയറിയപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ, നീ ആരാണെന്നു ശബ്ദമുയർത്തി ചോദിക്കുകയും ഇപ്പോൾ സംസാരിക്കാൻ കഴിയില്ലെന്ന് ആജ്ഞാപിച്ച് ഇറക്കിവിട്ട് ഗ്രിൽ അടയ്ക്കുകയുമായിരുന്നു.
പ്രതിയെ കണ്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, നിനക്ക് അതിനുള്ള സമ്മതം ഞങ്ങൾ തരണമെന്നും, തരില്ലെന്നും പറഞ്ഞു. പ്രതി രാജ്യസേവനത്തിനുപോ യ ആളല്ലെന്നും അതിനാൽ നീയൊക്കെ കോടതിയിൽ ഹാജരാക്കുന്ന സമയത്തു കണ്ടാൽ മതിയെന്നും ആക്രോശിച്ചു. ഈ സമയം സ്റ്റേഷനിൽ വേറെയും ആളുകളും ആഭിഭാഷകന്റെ കക്ഷിയായ പ്രതിയുടെ അമ്മയും ഉണ്ടാ യിരുന്നു.
സ്റ്റേഷൻ ഹൗസ് ഓഫീസറെ കാണണമെന്നു പറഞ്ഞപ്പോൾ പുറത്തു കാത്തിരിക്കണമെന്നും സാർ സമ്മതിച്ചാൽ കാണാമെന്നും അറിയിച്ചു. അരമണിക്കൂറിനുശേഷം വീണ്ടും എസ്എച്ച്ഒയെ കാണാൻ സമ്മതിക്കുമോയെന്നു ചോദിച്ചു. വീണ്ടും കാത്തിരിക്കണമെന്നായിരുന്നു മറുപടി.
സംഭവത്തെക്കുറിച്ച് അസിസ്റ്റന്റ് കമ്മീഷണർക്കു പരാതി നൽകിയപ്പോൾ, മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നായി മറുപടി. തുടർന്നാണ് അഭിഭാഷകൻ മുഖ്യമന്ത്രിക്കു പരാതിനൽകുകയും ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യുകയും ചെയ്തത്.