വടക്കാഞ്ചേരി ഫൊറോന പള്ളി തിരുനാൾ
1598154
Thursday, October 9, 2025 1:25 AM IST
വടക്കാഞ്ചേരി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിലെ 185-ാം ദർശനത്തിരുനാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
തിരുനാളിന്റെ ഭാഗമായി ഇന്നുരാവിലെ 6.30നും വൈകീട്ട് 5.30നും കുർബാന, ലദീഞ്ഞ്, നൊവേന. തിരുക്കർമങ്ങൾക്കു കടങ്ങോട് പള്ളി വികാരി ഫാ. സന്തോഷ് അന്തിക്കാട് കാർമികനാകും. നാളെ രാവിലെ 6.30നും വൈകീട്ട് 5.30നും കുർബാന, ലദീഞ്ഞ്, നൊവേന, ദർശനസമൂഹം, പ്രസുദേന്തിവാഴ്ച, തിരിപ്രദക്ഷിണം. മരത്താക്കര പള്ളി വികാരി ഫാ. ജോബ് വടക്കൻ കാർമികത്വംവഹിക്കും. ശനിയാഴ്ച രാവിലെ 6.30ന് കുർബാന, ലദീഞ്ഞ്, നൊവേന. വൈകീട്ട് 4.30ന് നേർച്ചവെഞ്ചരിപ്പ്, ഇടവകസമൂഹ പ്രസുദേന്തിവാഴ്ച, കുർബാന, ലദീഞ്ഞ്, നൊവേന. തുടർന്ന്ച കൂടുതുറക്കൽ ശുശ്രൂഷ എന്നീ തിരുക്കർമങ്ങൾക്കു തൃശൂർ അതിരൂപത വൈസ് ചാൻസലർ ഫാ. ഷിജു ചിരിയങ്കണ്ടത്ത് മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് എട്ടിന് പാർളിക്കാട് കുരിശുപള്ളിയിൽനിന്നു കിരീടം എഴുന്നള്ളിപ്പ്.
തിരുനാൾദിനമായ ഞായറാഴ്ച രാവിലെ ആറിനും ഏഴിനും എട്ടിനും ഒമ്പതിനും കുർബാനകൾ. തുടർന്ന് 10.30ന് നടക്കുന്ന ആഘോഷമായ തിരുനാൾപാട്ടുകുർബാനയ്ക്ക് അതിരൂപത ചിൽഡ്രൻസ് മിനിസ്ട്രി ഡയറക്ടർ ഫാ.പോൾ മുട്ടത്ത് മുഖ്യകാർമികനാകും. അതിരൂപത സെക്രട്ടറി ചാൻസലർ ഫാ. അൽജോ കരേരക്കാട്ടിൽ തിരുനാൾസന്ദേശം നൽകും. വൈകീട്ട് നാലിന് കുർബാനയ്ക്ക് ഇടവകവൈദികർ കാർമികരാകും. തുടർന്ന് ജപമാലപ്രദക്ഷിണം നടക്കും.
തിരുനാളിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് നാലുമുതൽ രാത്രി 10 വരെയും ഞായറാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെയും ഊട്ടുനേർച്ച കഴിക്കാൻ സൗകര്യമുണ്ട്. തിങ്കളാഴ്ച രാവിലെ 6.30ന് ഇടവകയിൽനിന്നു മരിച്ചുപോയവർക്കു വേണ്ടിയുള്ള തിരുക്കർമങ്ങൾ നടക്കും. തിരുനാളിനോടനുബന്ധിച്ച് നിർധന കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണംചെയ്യും.
പത്രസമ്മേളനത്തിൽ ഫൊറോന വികാരി ഫാ. വർഗീസ് തരകൻ, കൈക്കാരൻ ജോൺസൻ പുത്തുക്കര, ജനറൽ കൺവീനർ വില്യംസ് നെയ്യൻ, പബ്ലിസിറ്റി കൺവീനർ ഫ്രാൻസിസ് കുരുതുകുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.