ടെക്നോളജി ബോധവത്കരണ ക്യാമ്പ് കാരിക്കടവ് ആദിവാസി ഉന്നതിയില്‍
1598717
Saturday, October 11, 2025 12:49 AM IST
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവും ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ടെക്നോളജി ബോധവത്കരണ പരിപാടി കാരിക്കടവ് ആദിവാസി ഉന്നതിയില്‍ നടന്നു. സമൂഹ്യ വികസനം ലക്ഷ്യമാക്കി സംഘടിപ്പിച്ച പരിപാടിയില്‍ വെള്ളിക്കുളങ്ങര റേഞ്ചിന് കീഴിലുള്ള മറ്റത്തൂര്‍ പഞ്ചായത്തിലെ കാരിക്കടവ് ആദിവാസി ഉന്നതിയിലെ 17 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തി.
സാങ്കേതിക വിദ്യയിലൂടെ വനവിഭവങ്ങളുടെ വിപണനം എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ ഉന്നതി നിവാസകളുമായി സംവദിച്ചു. 20 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും പങ്കെടുത്ത ക്യാമ്പില്‍, ഉന്നതിയിലെ 53 പേര് പങ്കെടുത്തു.
ക്യാമ്പ് വനസംരക്ഷണ സമിതി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയിലൂടെ ഉന്നതി വാസികള്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങളുടെ പ്രയോജനങ്ങള്‍ കൂടുതല്‍ മനസിലാക്കാനും, സുരക്ഷിതമായ ടെക്നോളജി ഉപയോഗ മാര്‍ഗങ്ങള്‍ അറിയാനും സാധിച്ചു. കാരിക്കടവ് സ്വയംസഹായ സംഘത്തിന്റെ ഓണ്‍ലൈന്‍ വിപണന ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള പദ്ധതികളും രൂപപ്പെടുത്തി.
ക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക ഇടപെടലിന്റെയും ഫീല്‍ഡ് അനുഭവത്തിന്റെയും അവസരമായി.