മറ്റത്തൂരില്‍ സിപിഎമ്മിന്റെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്നു ബിജെപി
1598161
Thursday, October 9, 2025 1:25 AM IST
കൊടകര: അഞ്ചു വര്‍ഷത്തെ പരാജയപ്പെട്ട ഭരണശേഷം മറ്റത്തൂര്‍ പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്കിയ സിപിഎം മനുഷ്യാവകാശങ്ങള്‍ തകര്‍ത്ത് ജനങ്ങളെ ഭീഷിണിപ്പെടുത്തുകയാണെന്ന് ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കിട്ടാത്ത കേന്ദ്ര അവാര്‍ഡ് തലയില്‍വച്ചു നടന്ന പഞ്ചായത്ത് പ്രസിഡന്റ് ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ പാര്‍ട്ടിയേയും പോലീസിനെയും കാട്ടി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഏത് അവാര്‍ഡാണ് മറ്റത്തൂരിനു കിട്ടിയതെന്നു വെളിപ്പെടുത്താന്‍ സിപിഎം തയാറാകണമെന്നും കേന്ദ്ര സെമിനാറില്‍ പങ്കെടുക്കാന്‍ പോയ പ്രസിഡന്റ് അതിനുള്ള ക്ഷണം അവാര്‍ഡാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും കിട്ടാത്ത അവാര്‍ഡും നടക്കാത്ത പദ്ധതികളുമാണ് മറ്റത്തൂരിന്റെ ബാക്കിപത്രമെന്നും ബിജെപി കുറ്റപ്പെടുത്തി.
സ്വന്തം പരാജയങ്ങള്‍ മറച്ചു വയ്ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ത്രീസംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടി നിര്‍മിച്ച രാജ്യത്തെ നിയമങ്ങള്‍ മറയാക്കുകയാണ്. സിപിഎം രാഷ്ട്രീയം പഴയ ഇരുണ്ടയുഗത്തിലേക്ക് മറ്റത്തൂരിനെ നയിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. സിപിഎമ്മിന്റെ വനിതാസംഘടന കോടാലിയില്‍ നടത്തിയ പൊതുയോഗത്തില്‍ കൊലവിളിപ്രസംഗം നടത്തിയതായി ആരോപിച്ച നേതാക്കള്‍ ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു. ഒരു യുവവ്യവസായിയുടെ ദുരവസ്ഥ പരസ്യമായിട്ടും ഒന്നും മിണ്ടാതെ എല്‍ഡിഎഫിനൊപ്പം നില്ക്കുന്ന യുഡിഎഫിന്റെ ദുര്‍ബലത ബിജെപിക്ക് ഇല്ല എന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.പി.ജി.ജയന്, പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, മറ്റത്തൂര്‍ ഏരിയ പ്രസിഡന്റ് പി.കെ.വേണുഗോപാല്‍, സജിത ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.