പീഡാനുഭവസ്മരണയിൽ ദുഃഖവെള്ളി ആചരണം
1543863
Sunday, April 20, 2025 4:49 AM IST
തൃശൂർ: യേശുനാഥന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ നടന്ന ദുഃഖവെള്ളി ആചരണങ്ങളിൽ സാക്ഷികളായി വിശ്വാസിസമൂഹം. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും നഗരികാണിക്കലും നടന്നു.
വ്യാകുലമാതാവിൻ ബസിലിക്കയിൽനിന്ന് ആരംഭിച്ച നഗരികാണിക്കൽ പ്രദക്ഷിണത്തിലും വിശുദ്ധ കുരിശിന്റെ വഴിയിലും ആയിരങ്ങൾ പങ്കാളികളായി. യേശുനാഥന്റെ പ്രതീകാത്മക മൃതദേഹവുംവഹിച്ച് സ്വരാജ് റൗണ്ട് ചുറ്റിയുള്ള പ്രദിക്ഷണത്തിന് അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നേതൃത്വം വഹിച്ചു. ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ബെൻവിൻ തട്ടിൽ, ഫാ. പ്രിൻസ് ചെറുതാനിക്കൽ, കൈക്കാരന്മാരായ വി.ആർ. ജോണ്‍, ജോണി കുറ്റിച്ചാക്കു, പി.ആർ. ജോർജ്, അബി ചെറിയാൻ, പ്രോഗ്രാം കണ്‍വീനർ മോനി പൊന്മാണി തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
ലൂർദ് കത്തീഡ്രലിൽ നടന്ന ദുഃഖവെള്ളി തിരുക്കർമങ്ങൾക്ക് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ, ഫാ. ഫ്രാൻസീസ് പള്ളിക്കുന്നത്ത്, ഫാ. ഹേഡ്ലി നീലങ്കാവിൽ, സഹ വികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജീസ്മോൻ ചെമ്മണൂർ എന്നിവർ സഹകാർമികരായി. നടത്തുകൈക്കാരൻ ലൂവി കണ്ണാത്ത്, മറ്റു കൈക്കാരന്മാരായ ജോസ് ചിറ്റാട്ടുകര, ജോജു മഞ്ഞില, തോമസ് കോനിക്കര തുടങ്ങിയവർ നേതൃത്വം നൽകി.
ഇരിങ്ങാലക്കുട: സെന്റ്തോമസ് കത്തീഡ്രലില്‍ നടന്ന പീഢാനുഭവ തിരുക്കര്‍മങ്ങള്‍ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചത്തിരിഞ്ഞ് മൂന്നിന് പീഢാനുഭവ സന്ദേശം നല്കി. തുടര്‍ന്ന് ക്രിസ്തുവിന്റെ തിരുശരീരവുമായി നഗരികാണിക്കലും പരിഹാര പ്രദക്ഷിണവും നടന്നു. രൂപത വികാരി ജനറാൾമാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഫാ. ആന്റോ തച്ചില്‍, ബിഷപ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി, അസി. വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം എന്നിവര്‍ നേതൃത്വം നല്കി.