പാലപ്പിള്ളിയില്‍ ബൈക്ക് യാത്രക്കാരായ കുടുംബത്തിനുനേരേ പാഞ്ഞടുത്ത് കാട്ടാന
1543856
Sunday, April 20, 2025 4:49 AM IST
പാലപ്പിള്ളി: കുണ്ടായിയില്‍ ബൈക്ക് യാത്രക്കാരായ കുടുംബത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന.കുണ്ടായി എസ്റ്റേറ്റ് ജീവനക്കാരനായ കുഞ്ഞിപ്പയും ഭാര്യയും മകളും ബൈക്കില്‍ പോകുമ്പോഴാണ് സംഭവം. മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി മടങ്ങുന്നതിനിടെ റോഡില്‍ നിന്നിരുന്ന കാട്ടാനയുടെ മുന്പില് അകപ്പെടുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആനയുടെ അഞ്ച് മീറ്റര്‍ അകലെയെത്തിയ ഇവര്‍ക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ബൈക്ക് റോഡിലിട്ട് ഓടിയ മൂന്നുപേരും തലനാരിഴക്കാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ഓടുന്നതിനിടെ ശ്വാസം കിട്ടാതെ റോഡില്‍ ഇരുന്ന കുഞ്ഞപ്പയുടെ അടുത്തേക്ക് പാഞ്ഞുവന്ന ആനയെ ഭാര്യ കൈയില്‍ കരുതിയ ടോര്‍ച്ച് എടുത്ത് എറിയുകയായിരുന്നു. ഇതിനിടെ ഇവരുടെ നിലവിളി കേട്ട് സമീപത്തെ ഡിസ്പെന്‍സറിയിലെ ജീവനക്കാരനും ഓടിയെത്തി. അതുവഴി വന്ന വെള്ളിക്കുളങ്ങര ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അവരുടെ ജീപ്പിലാണ് ഇവരെ വീട്ടില്‍ എത്തിച്ചത്.
കൂട്ടം തെറ്റിയ ആന ദിവസങ്ങളായി പ്രദേശത്ത് ഭീതി പരത്തുകയാണ്. ജനവാസ മേഖലയില്‍ ഇറങ്ങിയ ഒറ്റയാനെ മയക്കുവെടിവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.