രണ്ടര വയസുകാരൻ കടലിൽ വീണു മരിച്ചു
1543724
Sunday, April 20, 2025 1:02 AM IST
കയ്പമംഗലം: കൂരിക്കുഴി കമ്പനിക്കടവിൽ മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നിനെത്തിയ രണ്ടര വയസുകാരൻ കടലിൽ വീണു മരിച്ചു. മുറ്റിച്ചൂർ സ്വദേശി കുരിക്കപ്പീടിക വീട്ടിൽ നാസർ - ഷാഹിറ ദമ്പതികളുടെ മകൻ അഷ്ഫാക്ക് ആണ് മരിച്ചത്.
ശനിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കമ്പനിക്കടവിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുടുംബം. നാല് വയസുകാരനായ മൂത്ത സഹോദരനോടൊപ്പം അയൽവീട്ടിലേക്ക് പോയതായിരുന്നു അഷ്ഫാഖ്.
ഇതിനിടയിൽ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കുട്ടി വീടിനു സമീപമുള്ള വഴിയിലൂടെ കടലിലേക്ക് ഇറങ്ങുകയായിരുന്നുവെന്ന് കരുതുന്നു. കുട്ടിയെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയ നാട്ടുകാരായ മത്സ്യ തൊഴിലാളികൾ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആദ്യം ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് സ്ഥലത്തെത്തിയിരുന്നു.