പ്രത്യാശയുടെ തിരുനാൾ
1543855
Sunday, April 20, 2025 4:48 AM IST
സമാധാനവും പ്രതീക്ഷയും പകരുന്ന തിരുനാൾ: മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ അതിരൂപത മെത്രാപ്പോലീത്ത
തിരുനാളുകളുടെ തിരുനാൾ എന്നാണ് ഉയിർപ്പുതിരുനാളിനെ വിശേഷിപ്പിക്കുന്നത്. കാരണം, ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനമാണ് ഈശോയുടെ ഉത്ഥാനം. “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്; നിങ്ങളുടെ വിശ്വാസവും വ്യർഥം”(1 കോറി. 15:14). ഉത്ഥിതനായ ക്രിസ്തു നൽകുന്ന ഏറ്റവും വലിയ സന്ദേശം സമാധാനമാണ്. അവൻ പറഞ്ഞു, “ നിങ്ങൾക്ക് സമാധാനം” (ലൂക്കാ 24:36). അതുവഴി ഭയത്തെ അവിടുന്ന് ഇല്ലാതാക്കി.
സമാധാനത്തിന്റെയും കടുത്ത ഭയത്തിന്റെയും മധ്യത്തിലൂടെയാണ് ലോക ജനത ഇന്നു കടന്നുപോകുന്നത്. രാഷ്ട്രങ്ങൾ തമ്മിലും രാഷ്ട്രത്തിനകത്തും കുടുംബബന്ധങ്ങൾ തമ്മിലും കുടുംബത്തിന് അകത്തും സമാധാനമില്ലായ്മയും ഭയപ്പാടും നിറയുന്നു. ഇവിടെയാണ് ഈശോയുടെ ഉത്ഥാനതിരുനാളിന്റെ സന്ദേശം പ്രസക്തമാകുന്നത്.
തിന്മ എങ്ങനെയൊക്കെ നന്മയുടെ രൂപംധരിച്ചാലും അസത്യം സത്യത്തിന്റെ മുഖം അണിയാൻ ശ്രമിച്ചാലും സകല മറകളും നീക്കി എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് കല്ലറയ്ക്കുള്ളിൽനിന്ന് സത്യം ഉയിർത്തെഴുന്നേൽക്കും. അതു യഥാർഥസ്വാതന്ത്ര്യത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പ് ആയിരിക്കും. ക്രിസ്തുവാകുന്ന നിത്യസത്യം ആരെയെങ്കിലും ഭയപ്പെടുത്തുന്നുണ്ടെങ്കിൽ അതു തിന്മയാണ്, അസത്യമാണ്.
മരണത്തിന്റെ നിഴൽ വീണ താഴ്വരകൾക്കപ്പുറത്തു പ്രതീക്ഷയുടെ പൊൻപുലരിയുണ്ടെന്ന് ഓർമിപ്പിക്കുന്ന തിരുനാളാണ് ഉത്ഥാനത്തിരുനാൾ. പ്രത്യാശയോടെ നമുക്കും കാത്തിരിക്കാം. ഏവർക്കും ഉയിർപ്പുതിരുനാളിന്റെ ആശംസകൾ.
മുറിവേറ്റ ലോകത്തിന്റെ വലിയ പ്രതീക്ഷ: മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലിത്ത
ഗലീലിയിൽനിന്ന് തലയോടിടം എന്നർഥമുള്ള ഗൊൽഗോഥായിലെ ക്രൂശിലേക്ക് അവനോടുകൂടെ പോന്ന സ്ത്രീകൾ സുഗന്ധവർഗവും പരിമളതൈലവും ഒരുക്കി ആഴ്ചവട്ടത്തിന്റെ ഒന്നാംദിവസം അതികാലത്തു കല്ലറയ്ക്കൽ എത്തി നോക്കിയപ്പോൾ യേശുവിന്റെ ശരീരം കണ്ടില്ല. പകരം അവിടെനിന്നിരുന്ന രണ്ടു ദൂതന്മാർ അവരോടു പറഞ്ഞു. (ലൂക്ക 24: 5-6) നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്? അവൻ ഇവിടെ ഇല്ല; ഉയിർത്തെഴുന്നേറ്റിരിക്കുന്നു. അതാണ് ഉയിർപ്പിന്റെ സുവിശേഷം.
ലോകം ഉണ്ടായതുമുതൽ ഇതുവരെയും ആരുംചെയ്യാത്ത അദ്ഭുതങ്ങളും അടയാളങ്ങളും ചെയ്ത് സാത്താനെയും പാപത്തെയും അവസാനം മരണത്തെപ്പോലും ജയിച്ച ലോകരക്ഷിതാവിന്റെ ഉയിർപ്പുതിരുനാൾ ഇന്നത്തെ മുറിവേറ്റ ലോകത്തിനും ആഗോളജനതയ്ക്കും വലിയ പ്രതീക്ഷയേകുന്നു.
സ്നേഹവും ദയയും ക്ഷമയും അനുകന്പയുമാണ് തന്റെ രക്ഷാദൗത്യത്തിന്റെ ആയുധങ്ങളെന്നും, പ്രാർഥന, ഉപവാസം, സഹനം, ക്രൂശിന്റെ അനുഭവം എന്നിവയാണ് ഈ ലോകത്തിലെ സമൃദ്ധിയായ ജീവനും പരലോകത്തെ നിത്യജീവനിലേക്കുമുള്ള മാർഗം എന്നും ക്രിസ്തു തന്റെ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തി. ഇന്നത്തെ മുറിവേറ്റ ലോകവും ജനതയും പുനരുത്ഥാനത്തിനായി ക്രിസ്തുവിലേക്ക് ഉറ്റുനോക്കുന്നു.
ക്രിസ്തുവിന്റെ വചനത്തിനും ക്രൂശിന്റെ മാർഗത്തിനും ഇന്നു മൂല്യം ഏറിവരുന്നു. ലോകസമാധാനത്തിനായി ക്രൂശ് എടുക്കാനും ആ ക്രൂശിന്റെ, സ്നേഹത്തിന്റെ, സഹനത്തിന്റെ മാർഗത്തിലൂടെ ജീവിതം പുനഃസൃഷ്ടിക്കാനും സമൂഹത്തെ വീണ്ടെടുക്കാനും ഉയിർപ്പുതിരുനാൾ നമുക്ക് പ്രചോദനമേകട്ടെ.
ഈസ്റ്റർ: പ്രത്യാശയുടെ ഉണർത്തുപാട്ട്: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട രൂപത മെത്രാന്
ക്രൈസ്തവവിശ്വാസത്തിന്റെ ആധാരശിലയാണ് ഈസ്റ്റര്‍. അന്ധകാരശക്തികള്‍ക്കും പീഡനങ്ങള്‍ക്കും കുരിശുമരണത്തിനുംമേല് വിജയംവരിച്ച നിത്യതയുടെ വിളംബരമായിരുന്നു ക്രിസ്തു വിന്റെ പുനരുത്ഥാനം. തളര്‍ച്ചയിലും തകര്‍ച്ചയിലും പ്രതിസന്ധികളിലും വെല്ലുവിളികളിലും സമസ്തജനങ്ങള്‍ക്കും പ്രത്യാശയുടെ ഉണര്‍ത്തുപാട്ടാണ് ഈസ്റ്റര്‍.
യുദ്ധവും സംഘര്‍ഷവും കലഹങ്ങളും അക്രമങ്ങളും നമ്മുടെ ജീവിതപരിസരങ്ങളില്‍ അശാന്തിയും ആശങ്കകളും പരത്തിയിരിക്കുന്നു. വ്യക്തികളും ജനസമൂഹങ്ങളും ദേശങ്ങളും രാജ്യങ്ങളും ചിന്തയിലും പ്രവര്‍ത്തനങ്ങളിലും മതിലുകള്തീര്ത്ത് സ്വാര്‍ഥതയുടെ തുരുത്തുകളായി മാറിക്കൊണ്ടിരിക്കുന്ന കാലം.
സത്യവും നീതിയും സ്നേഹവും കാരുണ്യവും, വിഭാഗീയതകള്‍ക്കും വിദ്വേഷപ്രചാരണങ്ങള്ക്കുംമുന്നില് തമസ്കരിക്കപ്പെടുന്ന കാലം. മദ്യവും ലഹരിയും അഴിമതിയും അക്രമവും ചൂഷണവും വഞ്ചനയും മനുഷ്യജീവിതങ്ങളുടെ നിറംകെടുത്തിക്കൊണ്ടിരിക്കുന്ന ആസുരകാലം. ഇവയ്ക്കെല്ലാം ഇരകളായി മനസുമടുത്ത് മോചനത്തിനുവേണ്ടി കേഴുന്നവരുടെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നു.
ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ചൂണ്ടിക്കാട്ടുന്നതു പ്രത്യാശയിലേക്കും നവജീവിതത്തിലേക്കുമുള്ള നടപ്പാതകളെയാണ്. വിദ്വേഷവും വിഭാഗീയതയും ശത്രുവത്കരണവും അന്യവത്കരണവും മനസില്‍നിന്നകറ്റി പുതിയ ജീവിതത്തിലേക്കു ചുവടുവയ്ക്കാന്‍ ഈസ്റ്റര്‍ പ്രചോദനമാകണം. പ്രത്യാശയിലേക്കും വിശ്വമാനവികതയിലേക്കും ഉയിര്ത്തെഴുന്നേല്ക്കാന് വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഈസ്റ്റര്‍ നിമിത്തമാകട്ടെ.
ഈസ്റ്റർ: മനുഷ്യരാശിക്കു പ്രത്യാശയുടെ പ്രകാശം: മാർ ടോണി നീലങ്കാവിൽ
തൃശൂർ അതിരൂപത സഹായമെത്രാൻ
ക്രിസ്തുവിന്റെ പുനരുത്ഥാനം മനുഷ്യരാശിക്കു പ്രത്യാശയുടെ പ്രകാശമാണ്. മരണത്തെ തരണംചെയ്ത യേശുക്രിസ്തു, നമുക്കു ജീവിതത്തിലും സമാധാനത്തിലും വിജയിക്കാനുള്ള കരുത്ത് പകരുന്നു. ക്രിസ്തീയവിശ്വാസത്തിന്റെ പരമോന്നത സാക്ഷ്യമാണ് ഈസ്റ്റർ.
മരണത്തിനുമേലെയുള്ള ജീവന്റെ വിജയവും നിരാശയ്ക്കുമേലെയുള്ള പ്രത്യാശയുടെ ഉണർവുമാണ് ഉത്ഥാനതിരുനാൾ. നമ്മുടെ വിശ്വാസത്തെ പുതുക്കാനും ദൈവത്തിന്റെ അതിരില്ലാത്ത കരുണയെ സ്വീകരിക്കാനും ക്രിസ്തുവിന്റെ വിജയത്തിന്റെ പ്രകാശത്തിൽ നടക്കാനും ഈ ദിനം നമ്മെ ആഹ്വാനം ചെയ്യുന്നു.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 638-ാമത്തെ ഖണ്ഡിക ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു: ""യേശുവിന്റെ പുനരുത്ഥാനം ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പരമോന്നതസത്യമാണ്. ആദിമ ക്രൈസ്തവസമൂഹം കേന്ദ്രസത്യമായി ഇതു വിശ്വസിക്കുകയും ജീവിക്കുകയും അടിസ്ഥാനപരമായി ഒന്നായി പാരന്പര്യത്തിലൂടെ പകർന്നുനൽകുകയും ചെയ്തു. ഇതു പുതിയനിയമരേഖകളാൽ സ്ഥാപിതവും കുരിശിനോടൊപ്പം പെസഹാരഹസ്യത്തിന്റെ കാതലായ ഒരു ഭാഗമായി പ്രഘോഷിക്കപ്പെട്ടതുമാണ്.''
യേശുവിന്റെ ഉത്ഥാനമാണ് നമ്മുടെ ഉത്ഥാനത്തിന്റെയും അടിസ്ഥാനം. തന്റെ കഷ്ടപ്പാടുകളിലും മരണത്തിലും ക്രിസ്തു നമ്മുടെ പാപഭാരങ്ങൾ വഹിച്ച് മനുഷ്യരാശിയെ ദൈവത്തോട് അനുരഞ്ജിപ്പിച്ചു.
ആ ക്രൂശിൽമാത്രം അവസാനിപ്പിക്കാതെ, പുനരുത്ഥാനത്തിലൂടെ നിത്യജീവിതത്തിന്റെ വാതിലുകൾ തുറന്നു. ക്രിസ്തുവിൽ എല്ലാം സാധ്യമാണ് എന്ന പ്രത്യാശയിൽ നമുക്കു പിടിച്ചുനിൽക്കാം.
ഈസ്റ്റർ പ്രതീക്ഷയുടെ വിളിച്ചുചൊല്ലൽ: ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
കോട്ടപ്പുറം രൂപത ബിഷപ്
മരണത്തിന്റെ ഇരുളിനെ ജയിച്ച് ഉയിർത്തെഴുന്നേറ്റ യേശുവിന്റ വിജയത്തിന്റെ ഓർമ പുതുക്കുന്നതാണ് വിശുദ്ധ ഈസ്റ്റർ.ഇന്ന് നമ്മുടെ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. മദ്യാസക്തിയിലും മയക്കുമരുന്ന് ഉപയോഗത്തിലും നമ്മുടെ കൊച്ചുകേരളം മുൻപന്തിയിലാണ്. ആത്മഹത്യകളും കൊലപാതകങ്ങളും വന്യജീവി ആക്രമണങ്ങൾമൂലം ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങളും നമ്മെ ഭയപ്പെടുത്തുന്നുണ്ട്. നീതിക്കുവേണ്ടിയും സാമൂഹികമായ അവകാശങ്ങൾക്കുവേണ്ടിയും നടക്കുന്ന സമരങ്ങൾ, അമ്മമാരുടെയും മക്കളുടെയും കണ്ണുനീരും ഒക്കെ നമ്മെ വളരെയധികം വേദനിപ്പിക്കുന്നതാണ്.
ഭൂമിയിലെ എല്ലാവിധ ബുദ്ധിമുട്ടുകളും ദുരിതങ്ങളും സഹനങ്ങളും ഉണ്ടാകുമ്പോഴും അതിനെ അതിജീവിക്കുവാൻ നമുക്ക് കഴിയുന്നത് എങ്ങനെയാണെന്ന് ഈശോയുടെ ഉയിർപ്പ് നമ്മെ ഓരോരുത്തരെയും പഠിപ്പിക്കുന്നുണ്ട്. ദൈവപുത്രനായ യേശു നമ്മെ ഓരോരുത്തരെയും വിളിക്കുന്നതും ക്ഷണിക്കുന്നതും ഈ ഉയിർപ്പിലേക്കാണ്.
ഈസ്റ്റർ പ്രതീക്ഷയുടെ വിളിച്ചുചൊല്ലലാണ്. കുരിശിന്റെ വേദനകൾക്ക് അപ്പുറം ഉയിർപ്പിന്റെ വെളിച്ചം തീർച്ചയായും ഉണ്ട് എന്ന് ഉയിർപ്പുഞായർ നമ്മെ ഓരോരുത്തരെയും ഓർമിപ്പിക്കുന്നു. കുരിശും ശൂന്യമായ കല്ലറയും നമ്മോടു പറയുന്നു- അന്ധകാരത്തിന് അവസാനമുണ്ട്; പുതിയ ഒരു തുടക്കം ഒരിക്കലും അകലെയല്ല. ഭീതിയില്ലാതെ ജീവിതത്തെ സ്നേഹിക്കുവാനും മറ്റു മനുഷ്യർക്കായി ജീവിക്കുവാനും ഉയിർപ്പുഞായർ നമ്മെ പ്രചോദിപ്പിക്കട്ടെ.
പ്രത്യാശ മുളയെടുക്കുന്ന ഹാപ്പി ഈസ്റ്റർ: മാർ ജേക്കബ് തൂങ്കുഴി ആർച്ച്ബിഷപ് എമരിറ്റസ്
പത്തൊന്‍പതാംനൂറ്റാണ്ടിൽ റഷ്യയിലെ ഒരു കൊവേന്തയിൽ ജീവിച്ചിരുന്ന ഒരു സന്യാസി ഉണ്ടായിരുന്നു. വലിയൊരു വിശുദ്ധനായിരുന്നു അദ്ദേഹം. തങ്ങളുടെ ദുഃഖദുരിതങ്ങൾ പങ്കുവച്ച് ആശ്വാസം കണ്ടെത്താനായി അനേകംപേർ അദ്ദേഹത്തിന്റെ പക്കൽ പോയിരുന്നു.
തന്റെ പക്കലേക്കുവരുന്നവരെ കാണുന്പോൾ ദൂരെവച്ചുതന്നെ ഈ സന്യാസി നിറഞ്ഞ സന്തോഷത്തോടെ ഉച്ചസ്വരത്തിൽ അഭിവാദനം ചെയ്യുക പതിവായിരുന്നു. ഓ! എന്തൊരു സന്തോഷം, ക്രിസ്തു ഉത്ഥാനം ചെയ്തു... പുണ്യവാന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന ഈ അഭിവാദനത്തിന് എന്തോ ഒരു മാന്ത്രികശക്തിയുണ്ടായിരുന്നു. ആശ്വാസം തേടി വന്നവരുടെ ഹൃദയങ്ങളിൽനിന്ന് കദനഭാരം ഇറങ്ങിയപോലെ... ഹൃദയങ്ങളിൽ വലിയൊരു പ്രത്യാശ മുളയെടുക്കുന്നതുപോലെ അനുഭവപ്പെട്ടിരുന്നു.
എന്തൊരു സന്തോഷം, എന്തൊരു സൗഭാഗ്യം. ഈശോ ഉത്ഥാനം ചെയ്തിരിക്കുന്നു. യേശുവിന് അസാധ്യമായതൊന്നുമില്ല. നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം യേശു തന്നെയാണ്. യേശുവിന്റെ സ്നേഹവും സന്തോഷവും സമാധാനവും പ്രത്യാശയും നിങ്ങളുടെ ഹൃദയങ്ങളിൽ കുടികൊള്ളട്ടെ. എല്ലാവർക്കും ഹാപ്പി ഈസ്റ്റർ.
ആഘോഷം പാവങ്ങളുടെ പക്ഷംചേർന്നാവണം: മാർ അപ്രേം മെത്രാപ്പോലീത്ത
യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നുള്ളതു സന്തോഷവാർത്തയാണെങ്കിലും ആഘോഷം മദ്യത്തിലും അമിതഭക്ഷണത്തിലും ആകുന്നതു ക്രൈസ്തവധർമത്തിനു യോജിച്ചതല്ല.
അന്പതുനോന്പ് ആചരിച്ച് പ്രാർഥനാപൂർവം വേണം ഈസ്റ്റർ ആഘോഷിക്കുവാൻ. ഈസ്റ്റർ നമ്മെ ഓർമ്മപ്പിക്കുന്നതു സന്തോഷമുളവാക്കുന്ന സംഭവമാണെങ്കിലും ആഘോഷം ദുഃഖവെള്ളിയാഴ്ചയിലെ കർത്താവിന്റെ കഷ്ടപ്പാടിനെ മറക്കുന്നവിധത്തിൽ ആകരുത്. ചാട്ടവാറടികൊണ്ട് വേദനിക്കുന്ന ക്രിസ്തുവിന്റെ ചിത്രം നമ്മുടെ മനസിൽ എപ്പോഴും ഉണ്ടാകണം.
പാവങ്ങളുടെ പക്ഷംചേരാൻ ക്രിസ്ത്യാനികൾക്കു ചുമതലയുണ്ട്. കർത്താവിന്റെ ഇഹലോകവാസത്തിൽ സാധാരണക്കാരും മുക്കുവൻമാരുമാണ് കൂടെ കൂടിയിരുന്നത്. അവർക്കു സൗഖ്യവും കൃപകളും കർത്താവ് നൽകി.
അഞ്ചപ്പംകൊണ്ട് അയ്യായിരംപേരെ പോഷിപ്പിച്ച യേശുക്രിസ്തു ഇന്നു നമ്മോടു പറയുന്നുണ്ട്. "നിന്റെ ആർത്തികൊണ്ടല്ലേ പാവങ്ങൾക്ക് ഒരുനേരമെങ്കിലും ഭക്ഷണംകിട്ടാത്തത്?’ അന്ത്യപരിശോധനയ്ക്കും ത്യാഗത്തിനും സേവനത്തിനുമായി നമ്മെ പുനഃപ്രതിഷ്ഠിക്കാൻ ഈസ്റ്റർ സഹായകമാകട്ടെ.