തീരദേശപരിപാലന ചട്ടം ലംഘിച്ചു നടത്തിയ നിർമാണങ്ങൾ തടഞ്ഞു
1543861
Sunday, April 20, 2025 4:49 AM IST
ഏനാമാവ്: കോടതിവിധി കാറ്റിൽ പറത്തി, തീരദേശ പരിപാലന ചട്ടം ലംഘിച്ച് നടത്തിയ നിർമാണങ്ങൾ വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് അധികൃതർ തടഞ്ഞു. ഏനാമാവ് പള്ളി കടവിൽ പുഴയോട് ചേർന്ന സ്ഥലത്താണ് സ്വകാര്യ വ്യക്തി അനധികൃത നിർമാണം നടത്തിയത്. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ പ്രസിഡന്റും മെമ്പറുമായ ചാന്ദിനി വേണു, സെക്രട്ടറി പി.എ. ഷൈല, ജൂണിയർ സൂപ്രണ്ട് കെ.ജി. ഷീബ, പാവറട്ടി എസ്ഐ എം.എൻ. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നേരിട്ട് സ്ഥലത്ത് എത്തി അനധികൃത നിർമാണം തടഞ്ഞത്.
ഹൈക്കോടതി ഉത്തരവ് ഇറങ്ങിയിട്ടും നിർമാണവും നികത്തലും തുടരുകയായിരുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറി പി.എ. ഷൈല പറഞ്ഞു. തണ്ണീർത്തടത്തിന്റെ സ്വഭാവത്തിലുള്ളതും തീരദേശപരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്നതുമായ വെങ്കിടങ്ങ് വില്ലേജിൽ ഉൾപ്പെട്ട ഭൂമിയുടെ ഘടനക്ക് രൂപമാറ്റം വരുത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ ദ്രുത ഗതിയിൽ നടത്തുന്നത്. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വെങ്കിടങ്ങ് കൃഷി ഓഫീസർ തുടർ നടപടി സ്വീകരിച്ചുവരുന്നതിനിടയിലാണ് വീണ്ടും മണ്ണടിച്ച് സ്വകാര്യ വ്യക്തി പുഴയോരത്ത് സംരക്ഷണഭിത്തി നിർമിച്ചിരുന്നത്.
രണ്ട് വർഷങ്ങളായി ഏനാമാവ് പുഴയോരത്ത് നടക്കുന്ന അനധികൃത നിർമ്മാണത്തിനും നികത്തലിനുമെതിരെ വിവിധ രാഷ്ട്രിയ കക്ഷികളുടെ നേതൃത്വത്തിൽ നിരന്തര സമരം നടന്നിരുന്നു. ഇതിനെ തുടർന്ന് അന്നത്തേ കളക്ടർ ഇടപ്പെടുകയും അനധികൃത നിർമാണം പൊളിച്ചുനീക്കുകയും ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു ഇടവേളക്കുശേഷമാണ് വീണ്ടും അനധികൃത നികത്തലും നിർമാണവും നടന്നിരിക്കുന്നത്.