ജീവനു ഭീഷണിയായി ജല്‍ജീവന്‍ പൈപ്പുകള്‍
1543824
Sunday, April 20, 2025 4:24 AM IST
ഇരിങ്ങാലക്കുട: റോഡുകളില്‍ ജല്‍ജീവന്‍ മിഷന്റെ ഭാഗമായി കുടിവെള്ള വിതരണത്തിന് പൈപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ടാല്‍ തോന്നും ഇഴജന്തുക്കള്‍ക്ക് വാസസ്ഥലമൊരുക്കുന്നതിനു വേണ്ടിയാണെന്ന്. മുരിയാട് പഞ്ചായത്തില്‍ പണിയുന്ന ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിനു വേണ്ടിയുള്ള പൈപ്പുകളാണ് റോഡരികില്‍ ഇത്തരത്തില്‍ കൂട്ടിയിട്ടിരിക്കുന്നത്. മാസങ്ങളെറെയായി ഇങ്ങനെ കിടക്കാന്‍ തുടങ്ങിയ പൈപ്പുകള്‍ക്ക് സമീപം ഇപ്പോള്‍ കാടു വളര്‍ന്നതോടെ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വാസസ്ഥലമായി മാറി.
പൈപ്പിനുള്ളില്‍ നിറയെ അപകടകാരികളായ ഇഴജന്തുക്കളുടെ സാന്നിധ്യം പലപ്പോഴും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. പൈപ്പുകള്‍ റോഡരില്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ വഴിയാത്രക്കാര്‍ക്ക് അപകട ഭീഷണിയുമുണ്ട്. കാല്‍നടക്കാര്‍ക്കും ഇരു ചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. പൈപ്പുകളില്‍ തട്ടി ബൈക്കുയാത്രക്കാര്‍ ഇടക്കിടെ വീഴുന്നതും പതിവായിട്ടുണ്ട്.
മുരിയാട് പഞ്ചായത്തിലെ വനിതാ വ്യവസായകേന്ദ്രത്തിന് സമീപം നിര്‍മിക്കുന്ന 12 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ശുദ്ധജല ടാങ്കിലേക്കുള്ള വെള്ളം പമ്പ് ചെയ്യുന്നതിനാണ് ഈ പൈപ്പുകള്‍.
എന്നാല്‍ ടാങ്കിന്റെ നിര്‍മാണം നിലച്ചിട്ട് ഒരുവര്‍ഷത്തിലധികമായി. തൂണുകളില്‍ മാത്രമായി ഒതുങ്ങിയ ടാങ്ക് നിര്‍മാണം ഇപ്പോള്‍ കാടുകയറിയ അവസ്ഥയിലാണ്. ടാങ്കിന്റെ നിര്‍മാണം നിലച്ചതോടെ പൈപ്പുകള്‍ സ്ഥാപിക്കുന്ന പണികളും നിലച്ച അവസ്ഥയിലാണ്.
നഗരസഭയെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളെയും കുടിവെള്ള സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയാണിത്. 2052 ലെ ജല ആവശ്യകത കണക്കിലെടുത്ത് മുരിയാട് 33,574 പേര്‍ക്കു കുടിവെള്ളം നല്‍കാനാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഈ എല്ലാം താളം തെറ്റിയ അവസ്ഥയിലാണിപ്പോള്‍.
റോഡരികിലെ അപകടാവസ്ഥയിലായ പൈപ്പുകള്‍ ശുദ്ധജലവിതരണത്തിനായി ഉടന്‍ സ്ഥാപിക്കണമെന്നും അപകട ഭീഷണി ഒഴിവാക്കണമെന്നുമാണ് നാട്ടുക്കാരുടെ ആവശ്യം.