കേരളത്തെ കുട്ടിക്കൊലയാളികളുടെ നാടാക്കി മാറ്റുന്നത് ബോധപൂർവം: തേറന്പിൽ രാമകൃഷ്ണൻ
1511211
Wednesday, February 5, 2025 2:09 AM IST
തൃശൂർ: കേരളത്തിൽ കുട്ടികൊലയാളികളെ സർക്കാർ സൃഷ്ടിക്കുന്നതെന്ന് ബോധപൂർവമാണെന്ന് മുൻ സ്പീക്കർ അഡ്വ. തേറന്പിൽ രാമകൃഷ്ണൻ പറഞ്ഞു. സർക്കാരിന്റെ മദ്യവില്പനക്കെതിരെ ജനം തിരിയാതിരിക്കുവാൻ മറ്റു ലഹരി വസ്തുക്കൾ അപകടകാരികളാണെന്ന് ജനത്തെ പഠിപ്പിക്കേണ്ടതുണ്ട്. അതിനാൽ അവ ധാരാളമായി സമൂഹത്തിൽ പ്രചരിക്കുവാനും കുട്ടികൾ ധാരാളമായി കുറ്റവാളികളാകാനും സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് സ്വാഭാവികമായും സംശയം തോന്നിക്കുന്നതായും തേറന്പിൽ ആരോപിച്ചു.
മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന പ്രസിഡന്റ് ഇ.എ. ജോസഫിന്റെ 102 മണിക്കൂർ ഉപവാസം നാരങ്ങാനീര് നൽകി അവസാനിപ്പിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന രക്ഷാധികാരി സി.ഐ. അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു.
കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻ നായർ, കെസിബിസി മദ്യ വിരുദ്ധ സമിതി തൃശൂർ അതിരൂപത ഡയറക്ടർ ഡോ. ദേവസി പന്തല്ലൂക്കാരൻ, മഹിളാ കോണ്ഗ്രസ് നേതാവ് ലീലാമ്മ തോമസ്, തൃശൂർ പബ്ലിക് ലൈബ്രറി ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ, സിനിമാതാരം നന്ദകിഷോർ, ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, പി.കെ. ജിനൻ, വിത്സണ് പണ്ടാരവളപ്പിൽ, ജെയിംസ് മുട്ടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.