സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച: പ്രഖ്യാപിച്ച പലതും കടലാസിൽ മാത്രം
1511197
Wednesday, February 5, 2025 2:09 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വീണ്ടും വരുന്നൂ ഒരു സംസ്ഥാന ബജറ്റ്. ഇതുവരെയുള്ള ബജറ്റുകളിൽ പ്രഖ്യാപിച്ച കോടികളുടെ പദ്ധതികളിൽ ഏറെയും ഇനിയും നടപ്പായിട്ടില്ല. കഴിഞ്ഞ ബജറ്റിൽ വൻകിടപദ്ധതികളുമുണ്ടായിരുന്നില്ല.
കഴിഞ്ഞ ബജറ്റിൽ അക്കാദമികൾക്കും കലാമണ്ഡലത്തിനും കോടികൾ വകയിരുത്തിയെങ്കിലും സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാനാത്ത സ്ഥിതിയാണിന്ന്. കലാമണ്ഡലത്തിൽ ഇടയ്ക്കിടെ ശന്പളം മുടങ്ങിയതും സാംസ്കാരിക അക്കാദമികൾ തനതുഫണ്ട് കണ്ടെത്തണമെന്ന നിർദേശവുമൊക്കെ പ്രഖ്യാപനങ്ങളെ പിന്നോട്ടടിച്ചു.
കാർഷികസർവകലാശാലയ്ക്ക് 75 കോടി വകയിരുത്തിയെങ്കിലും 42 കോടി ഗവേഷണങ്ങൾക്കായിരുന്നു. ഇതിൽ എത്ര ചെലവഴിച്ചെന്നു വ്യക്തമല്ല. കലാമണ്ഡലത്തിലെ കല -അക്കാദമിക് പ്രവർത്തനങ്ങൾക്കു 19.50 കോടി മാറ്റിവച്ചെങ്കിലും വിവാദങ്ങളാണ് കൂടുതൽ ഉയർന്നത്. ശക്തൻ ബസ് സ്റ്റാൻഡ് നവീകരണത്തിനു പത്തുകോടി മാറ്റിവച്ചെന്നായിരുന്നു പ്രഖ്യാപനം. കോർപറേഷന്റെ നേതൃത്വത്തിലാണ് ഒരുഭാഗം കോണ്ക്രീറ്റിംഗ് നടത്തിയത്. ഏറെക്കാലത്തെ ആവശ്യമായ ശക്തൻ മാർക്കറ്റ് വികസനത്തിനു മാറ്റിവച്ച രണ്ടുകോടി എവിടെയെന്ന ചോദ്യവും ബാക്കി. മുന്പ് അന്പതു കോടി മാറ്റിവച്ചെങ്കിലും ആ കണക്കുകൾ പുതിയ ബജറ്റിൽ ഉണ്ടായിരുന്നില്ല. അന്പതു കോടിയിൽ ഒരു രൂപപോലും മാർക്കറ്റിൽ എത്തിയുമില്ല. വൃത്തിയുള്ള ശുചിമുറിസൗകര്യമെങ്കിലും ഒരുക്കണമെന്ന വ്യാപാരികളുടെയും മാർക്കറ്റിൽ എത്തുന്നവരുടെയും ആവശ്യവും കഴിഞ്ഞ ബജറ്റിൽ പരിഗണിച്ചില്ല.
ബജറ്റിലുണ്ട്, പണിയിലില്ല!
പല മണ്ഡലങ്ങളിലേക്കും കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ചതും തുക വകയിരുത്തിയതുമായ പദ്ധതികൾക്കു കഴിഞ്ഞ ബജറ്റിലും പണം അനുവദിച്ചെങ്കിലും പണികൾമാത്രം ബാക്കിയായി. തൃശൂർ- വാടാനപ്പിള്ളി റോഡിൽ കനോലി കനാലിനു കുറുകെ കണ്ടശാംകടവ് പാലത്തിന്റെ പുനർനിർമാണത്തിനു 2022ലും കഴിഞ്ഞ ബജറ്റിലും തുക വകയിരുത്തി. കഴിഞ്ഞ ബജറ്റിൽ 60 കോടി നൽകുമെന്നാണ് പറഞ്ഞത്. 2022ൽ നൂറുകോടിയും 2023ൽ 75 കോടിയും അനുവദിച്ച, ഇതുവരെ സർവേപോലും നടന്നിട്ടില്ലാത്ത കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശത്തേക്കുള്ള സന്പൂർണ കുടിവെള്ളപദ്ധതിക്ക് കഴിഞ്ഞവർഷവും 75 കോടി "അനുവദിച്ചു'.
പറവട്ടാനിയിലെ പെലെ സ്റ്റേഡിയം നാലുകോടി ചെലവിട്ടുനിർമിച്ചശേഷം ഒന്പതുകോടി അനുവദിച്ചെങ്കിലും അനക്കമില്ല. 2023ലെ ബജറ്റിലും സ്റ്റേഡിയത്തിനു 10 കോടി അനുവദിച്ചിരുന്നു. വാണിജ്യസമുച്ചയത്തോടുകൂടിയുള്ള ഗാലറിനിർമാണത്തിനു മൂന്നുകോടി, പാർക്കിംഗ് ഏരിയ നിർമാണത്തിന് അഞ്ചുകോടി, ടെന്നീസ് കോർട്ടിന്റെ പ്രാരംഭനിർമാണത്തിന് ഒരു കോടി എന്നിങ്ങനെയാണു വകയിരുത്തിയത്. സ്റ്റേഡിയം ഇതുവരെ തുറന്നിട്ടില്ല.
ബജറ്റിൽ കളക്ടറേറ്റ് അനക്സിനു തുടർച്ചയായ രണ്ടുവട്ടം 25 കോടി അനുവദിച്ചെങ്കിലും യാഥാർഥ്യമായില്ല. കോൾ കർഷകമേഖലയ്ക്കും കാര്യമായ സഹായം ലഭിച്ചില്ല. റൈസ് ടെക്നോളജി പാർക്കിനു മുൻബജറ്റുകളിൽ തുക വകയിരുത്തിയെങ്കിലും ഒന്നും നടന്നില്ല. ഇക്കുറി പണം നീക്കിവയ്ക്കുമെന്നാണു പ്രതീക്ഷ.
കിട്ടുമോ കെഎസ്ആർടിസിക്ക്?
തുടർച്ചയായി അവഗണിക്കപ്പെടുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു കഴിഞ്ഞ ബജറ്റിൽ പണം അനുവദിച്ചില്ലെങ്കിലും പി. ബാലചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ വികസനചർച്ചകൾ പുരോഗമിക്കുന്നുണ്ട്. നിരവധി ജില്ലകളിൽനിന്നുള്ള യാത്രക്കാരുടെ ആശ്രയമായിട്ടും തൃശൂരിനോളം സ്ഥലപരിമിതിയും അടിസ്ഥാനസൗകര്യക്കുറവുമുള്ള മറ്റൊരു സ്റ്റാൻഡുമില്ല. സ്റ്റാൻഡിലേക്കു പ്രവേശിക്കാൻ ബസുകൾ സമയമെടുക്കുന്നതു സമീപത്തെ റോഡുകളെയും കുരുക്കിലാക്കുന്നു. മുൻ ഗതാഗതമന്ത്രി ആന്റണി രാജു സ്റ്റാൻഡ് നവീകരിക്കുമെന്നു പറഞ്ഞെങ്കിലും വാഗ്ദാനം പൂർത്തിയാക്കാൻ കസേരയിലില്ലെന്നുമാത്രം! ഇക്കുറി കെഎസ്ആർടിസിക്കായി ജില്ലയിൽനിന്നുള്ള സിപിഐ പ്രതിനിധികൾ സമ്മർദം ചെലുത്തിയിട്ടുണ്ടെന്നാണു വിവരം.
വഴികൾ വഴിയാധാരം
രണ്ടു മന്ത്രിമാരും ഒന്പത് എംഎൽഎമാരുമുണ്ടായിട്ടും തൃശൂർ ജില്ലയിലെ റോഡുകൾ ഗതികേടിലാണ്. ഏറെക്കാലത്തെ ആവശ്യമായ അമലനഗർ-മണ്ണുത്തി ബൈപാസ്, തൃശൂർ നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ പടിഞ്ഞാറേകോട്ട, കിഴക്കേകോട്ട മേൽപ്പാലങ്ങൾക്കു നീക്കമുണ്ടാകുമെന്നു പ്രതീക്ഷയുണ്ട്. 200 കോടിവരെ ചെലവു പ്രതീക്ഷിക്കുന്ന കിഴക്കേകോട്ട പദ്ധതിക്കു നൽകിയത് ഒരുകോടി രൂപയാണ്. പടിഞ്ഞാറേകോട്ട പദ്ധതി പരിഗണിച്ചതേയില്ല. ഇതുസംബന്ധിച്ച കോർപറേഷൻ ബജറ്റ് പ്രഖ്യാപനവും വെറുതേയാണെന്നു വ്യക്തമായി.
ശക്തൻ നഗർ- വഞ്ചിക്കുളം ബൈപാസ് പരിഗണിക്കുമോയെന്നു വ്യക്തമല്ല. മുന്പു പത്തുലക്ഷമാണ് അനുവദിച്ചത്. കഴിഞ്ഞവർഷം ഇത് ഒരു കോടിയാക്കി ഉയർത്തി. സ്ഥലം ഏറ്റെടുപ്പിന് ഇതിൽകൂടുതൽ തുകയാകുമെന്നതിനാൽ പ്രഖ്യാപനംമാത്രമായി ഒതുങ്ങി. നിർമാണം തുടങ്ങിയ റോഡുകളുടെ പൂർത്തീകരണവും എങ്ങുമെത്തിയിട്ടില്ല.
ജലപാതകൾ
കോവളം-ബേക്കൽ ജലപാതയുമായി ബന്ധിപ്പിച്ച് കോട്ടപ്പുറം മുതൽ അണ്ടത്തോടുവരെ പാത വൻപ്രതീക്ഷയിലായിരുന്നെങ്കിലും കഴിഞ്ഞ ബജറ്റ് പരിഗണിച്ചില്ല. ജലപാത വികസനം വൻപദ്ധതിയായി ബജറ്റിൽ ഉൾപ്പെട്ടെങ്കിലും ഈ മേഖലയെ അവഗണിച്ചത് എന്തിനെന്നു ജനപ്രതിനിധികൾക്കും അറിയില്ല. കൊല്ലം-കോട്ടപ്പുറം ജലപാതയും കോട്ടപ്പുറം- കാസർഗോഡ് ജലപാതയും സംഗമിക്കുന്നത് ഇവിടെയായിരുന്നതിനാൽ 2023ലെ ബജറ്റ് പ്രതീക്ഷ നൽകിയിരുന്നു. കോട്ടപ്പുറം മുതൽ ചേറ്റുവവരെ ബോട്ട് ഗതാഗതത്തിനു കാര്യമായ തടസങ്ങളില്ലെങ്കിലും കോട്ടപ്പുറംമുതൽ അണ്ടത്തോടുവരെ ഭാഗത്തു സഞ്ചരിക്കാൻ തടസങ്ങളുണ്ട്. പാലങ്ങളുടെ ഉയരംകൂട്ടൽ, ആഴംകൂട്ടൽ എന്നിവയ്ക്കു കഴിഞ്ഞ ബജറ്റിൽ ഫണ്ട് അനുവദിച്ചില്ല.
പ്രതീക്ഷയ്ക്കു വകയുണ്ടോ?
മാറിയ രാഷ്ട്രീയസാഹചര്യം പരിഗണിച്ചു ജില്ലയ്ക്കു സംസ്ഥാന ബജറ്റിൽ വൻകിടപദ്ധതികൾ ഉണ്ടാകുമെന്നു പ്രതീക്ഷ. നിറയെ വാഗ്ദാനങ്ങൾ നൽകി സുരേഷ് ഗോപി കേന്ദ്രമന്ത്രിയായിട്ടും തൃശൂർ പാർലമെന്റ് മണ്ഡലത്തിൽപോലും പ്രത്യേകിച്ചു പദ്ധതികളൊന്നും കേന്ദ്രം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ കേരളത്തിന്റെ ബജറ്റിൽ പരിഗണനയുണ്ടാകുമെന്നാണു വിലയിരുത്തൽ.
ടൂറിസം വികസനത്തിന് ഇക്കുറി കൂടുതൽ പരിഗണന ലഭിച്ചേക്കും. മന്ത്രി റിയാസിന്റെ സ്വപ്നപദ്ധതിയായ കാരവൻ ടൂറിസത്തിനു തൃശൂർ ജില്ലയിൽ ഏറെ സാധ്യതകളുണ്ട്. ഈ പദ്ധതി ഏറെക്കുറെ നിലച്ചു. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന അതിരപ്പിള്ളി, വാഴച്ചാൽ കാനനപാതയടക്കമുള്ളവയ്ക്കുള്ള പദ്ധതികളും ജില്ല പ്രതീക്ഷിക്കുന്നു.
ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിലെ ഫ്ളാറ്റിന്റെ കാര്യം ഇക്കുറി പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ട്. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്കു തുക മടക്കിനൽകുന്നതിനുള്ള പദ്ധതികൾ ഏറെ ചർച്ചയായെങ്കിലും കഴിഞ്ഞ ബജറ്റിൽ അവഗണിച്ചിരുന്നു. ഇത്തവണ എന്തെങ്കിലും? കാത്തിരിക്കാം. ഒരു ദിനംകൂടി.