ബയോ മൈനിംഗ് നടത്തും
1510896
Tuesday, February 4, 2025 1:26 AM IST
ചാലക്കുടി: നഗരസഭയിൽ ബയോമൈനിംഗ് അടിയന്തരമായി പൂർത്തിയാക്കാൻ കൗൺസിൽ തീരുമാനിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ക്രിമിറ്റോറിയത്തിനോടുചേർന്നുള്ള 45 സെന്റ് ഭൂമിയിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൂർണമായും നീക്കംചെയ്ത് ഭൂമി ശുദ്ധീകരിക്കുന്ന പ്രവർത്തനമാണ് ബയോമൈനിംഗിലൂടെ നടപ്പിലാക്കുക. പദ്ധതി പ്രകാരം ലോക ബാങ്ക് ധനസഹായത്തോടെ സർക്കാർ അനുവദിച്ച വിവിധപദ്ധതികളിൽ ഉൾപ്പെട്ടതാണ് ബയോമൈനിംഗ്. 1.75 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ബയോമൈനിംഗ് നടത്തുന്നതിന് 20 നഗരസഭകളെയാണ് സർക്കാർ തെരഞ്ഞെടുത്തിട്ടുള്ളത്. ക്രിമിറ്റോറിയത്തിനും ആയുഷ് ഹോസ്പിറ്റലിനും ഇടയിലുള്ള 45 സെന്റ് ഭൂമിയിലെ നിലവിൽ നിക്ഷേപിച്ചിട്ടുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൂർണമായും കുഴിച്ചെടുത്ത് വേർതിരിക്കുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കംചെയ്യുകയും ബാക്കിവരുന്ന മണ്ണ് ഈസ്ഥലത്തുതന്നെ നിക്ഷേപിക്കുന്നതുമാണ് പദ്ധതി.
ചാലക്കുടി നഗരസഭയ്ക്ക് ഹെൽത്ത് ഗ്രാന്റിൽനിന്നു അനുവദിച്ചിട്ടുള്ള 35.72 ലക്ഷം രൂപയുടെ വിവിധപദ്ധതികൾക്ക് കൗൺസിൽ അംഗീകാരംനൽകി. വിആർ പുരം അർബൻ കുടുംബാരോഗ്യകേന്ദ്രത്തിന്റേയും നഗരസഭയിലെ പോട്ട, പടിഞ്ഞാറെ ചാലക്കുടി, നോർത്ത് ചാലക്കുടി എന്നിവിടങ്ങളിലെ ഹെൽത്ത് ആന്‍ഡ് വെൽനെസ് സെന്ററുകളിലെയും വിവിധ പ്രവർത്തനങ്ങൾക്കാണ് പദ്ധതി വഴി ഈ തുക ഉപയോഗിക്കുക.
നഗരസഭയുടെ അമൃത 2 പദ്ധതിപ്രകാരം ചാലക്കുടി - മാള റോഡ്, എഴുന്നള്ളത്ത് പാത എന്നിവിടങ്ങളിലെ പഴയ കുടിവെള്ള പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് റോഡ് റെസ്റ്റോറേഷൻ ചാർജ് ഇനത്തിൽ 14.67 ലക്ഷം രൂപ പിഡബ്ല്യുഡി ഡിപ്പാർട്ട്മെന്റിന് കൈമാറാന്‍ കൗൺസിൽ തീരുമാനിച്ചു.
അമൃത്പദ്ധതിപ്രകാരം പ്രധാനപ്പെട്ട റോഡുകളിലെ കാലപ്പഴക്കംചെന്ന പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കി ഈ റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിന് നടപടികൾ വേഗത്തിലാക്കണമെന്ന് കേരള വാട്ടർ അഥോറിറ്റിയോട് ആവശ്യപ്പെട്ടു.
മാലിന്യനിക്ഷേപം തുടരുന്ന ആര്യങ്കാല പ്രദേശത്ത് അടിയന്തരമായി കാമറ സ്ഥാപിക്കണമെന്ന് വാർഡ് കൗൺസിലർ ജോജി കാട്ടാളൻ ആവശ്യപ്പെട്ടു. ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കാമറ സ്ഥാപിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. നഗരസയുടെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള റിംഗ് കമ്പോസ്റ്റ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു. ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷതവഹിച്ചു.