സംസ്കൃതം മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെ ഇന്ന്
1510586
Sunday, February 2, 2025 7:57 AM IST
തൃശൂർ: കേരള സംസ്കൃത അധ്യാപക ഫെഡറേഷനും ലൈവ്സാൻസ്ക്രിറ്റ് സംഘവും ചേർന്നു സംഘടിപ്പിക്കുന്ന സംസ്കൃതം മെഗാ ക്വിസ് സംസ്ഥാനതല ഗ്രാൻഡ് ഫിനാലെ ഇന്നു പുറനാട്ടുകരയിലെ കേന്ദ്രീയ സംസ്കൃത സർവകലാശാല ഗുരുവായൂർ കാന്പസിൽ നടക്കും.
എല്ലാ ജില്ലകളിലെയും റവന്യൂ ജില്ലാതലമത്സരത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളില്‍നിന്ന് ഒന്നാംസ്ഥാനം നേടിയ 28 സംസ്കൃത വിദ്യാർഥികൾ പങ്കെടുക്കും. 9.30നു രജിസ്ട്രേഷൻ ആരംഭിക്കും. പത്തിനു പ്രാഥമിക റൗണ്ട് മത്സരങ്ങളും 11നു ഫൈനൽ റൗണ്ട് മത്സരങ്ങളും നടക്കും. ആദ്യ മൂന്നു സ്ഥാനക്കാർക്കു യഥാക്രമം 10001, 5001, 3001 രൂപ വീതം സമ്മാനിക്കും.
തുടർന്നു നടക്കുന്ന സമ്മേളനം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംസ്കൃത ഡിഗ്രി അക്കാദമി കമ്മിറ്റി ചെയർമാൻ ഡോ. സി.ടി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ കാന്പസ് ഡയറക്ടർ പ്രഫ. കെ.കെ. ഷൈൻ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ ഡോ. എസ്.എൻ. മഹേഷ്ബാബു, ഡോ. സി. ശ്യാംരാജ്, ലിബി പുറനാട്ടുകര, ഡോ. രോഷ്നി വെങ്കിടേശ്വരൻ, സി.ബി. വിനായക് എന്നിവർ പങ്കെടുത്തു.