കെഎസ്്ആര്‍ടിസി പണിമുടക്ക് പൂര്‍ണം; യാത്രക്കാരെ ബാധിച്ചില്ല
1511198
Wednesday, February 5, 2025 2:09 AM IST
സ്വന്തം ലേഖകന്‍
തൃശൂര്‍: കെഎസ്്ആര്ടിസിയിലെ കോണ്‍ഗ്രസ് അനുകൂലസംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ച പണിമുടക്ക് തൃശൂരില്‍ പൂര്‍ണമെങ്കിലും സമരം യാത്രക്കാരെ കാര്യമായി ബാധിച്ചില്ല.
മറ്റു സംഘടനകളൊന്നും പണിമുടക്കിലില്ലാത്തതുകൊണ്ടും സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് നടത്തിയതുകൊണ്ടും യാത്രക്കാര്‍ക്കു വലിയ ബുദ്ധിമുട്ടുകളുണ്ടായില്ല. തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ നീണ്ടു. പണിമുടക്കാണെന്ന് അറിഞ്ഞതോടെ പലരും സ്വകാര്യ ബസിനെയും ട്രെയിനിനെയും ആശ്രയിച്ചതോടെ തൃശൂര്‍ കെഎസ്്്ആര്‍ടിസി ഡിപ്പോയില്‍ ഇന്നലെ തിരക്ക് കുറവായിരുന്നു.
എല്ലാ മാസവും ഒന്നാംതിയതി ശമ്പളം നല്‍കുക, ഡിഎ കുടിശിക പൂര്‍ണമായും അനുവദിക്കുക, ശമ്പളപരിഷ്കരണ കരാറില്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്പെഷല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങിയ പന്ത്രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു.