ശക്തന്റെ പ്രതിമയുടെ അനാച്ഛാദനം മാറ്റിവച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം
1510590
Sunday, February 2, 2025 8:05 AM IST
തൃശൂർ: മൂടുപടംമാറ്റി മുഖം കാണിക്കാൻ കഴിയുമെന്ന ശക്തൻ തന്പുരാന്റെ പ്രതീക്ഷയ്ക്കു വീണ്ടും മങ്ങലേറ്റു. കെഎസ്ആർടിസി ബസിടിച്ചുതകർന്ന ശക്തൻ പ്രതിമയുടെ അനാച്ഛാദനം മാറ്റിവച്ചു. പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. എല്ലാവരെയും ചേർത്തുനിർത്തി ഉടൻ അനാച്ഛാദനം നടത്തുമെന്ന് എൽഡിഎഫ് നേതൃത്വം.
പ്രതിമ അനാച്ഛാദനം ഇന്നലെ നടത്തുമെന്നായിരുന്നു നേരത്തേ മേയർ എം.കെ. വർഗീസ് അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ ഉച്ചയോടെ ഈ തീരുമാനം മാറ്റി. സാങ്കേതികമായ കാരണങ്ങളാലാണ് അനാച്ഛാദനം മാറ്റിവയ്ക്കുന്നതെന്നു മേയറുടെ ഓഫീസിൽ നിന്നും അറിയിപ്പ് വന്നെങ്കിലും, കാരണം വ്യക്തമാക്കാൻ മേയറോ ഓഫീസോ തയാറായില്ല.
അനാച്ഛാദനം താൻ അറിഞ്ഞില്ലെന്ന് പ്രതിമയുടെ ശില്പി തിരുവനന്തപുരം സ്വദേശി കുന്നുവിള മുരളി വ്യക്തമാക്കിയിരുന്നു. ഇതിനുപിറകെയാണ് പ്രതിപക്ഷവും രംഗത്തുവന്നത്. മന്ത്രി കെ. രാജനോ സ്ഥലം എംഎൽഎ പി. ബാലചന്ദ്രനോ പ്രതിപക്ഷനേതാവായ താനോ കൗണ്സിലർമാരോ അറിയാതെ സ്വന്തം പേരിൽ ഉദ്ഘാടനം നടത്താനായിരുന്നു മേയറുടെ നീക്കമെന്നും ഇതു തൃശൂർക്കാരെയും തൃശൂരിന്റെ ശില്പിയായ ശക്തൻ തന്പുരാനെയും അവഹേളിച്ചതിനു തുല്യമാണെന്നും പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ദീപികയോടു പറഞ്ഞു.
ആക്ഷേപങ്ങൾക്കും വിവാദങ്ങൾക്കും ഇടനൽകാതെ എല്ലാവരെയും ചേർത്തുനിർത്തി പ്രതിമ അനാച്ഛാദനം നടത്തുവാനാണ് എൽഡിഎഫ് തീരുമാനം. അത് ഉടൻ ഉണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
കെഎസ്ആർടിസിയുടെ പത്തു ലക്ഷവും പി. ബാലചന്ദ്രന് എംഎൽഎയുടെ 10 ലക്ഷവും ഉൾപ്പെടുത്തിയാണ് പ്രതിമ പുനർനിർമിച്ചതെങ്കിലും ഇതിൽ കെഎസ്ആർടിസിയുടെ ഒന്നരലക്ഷവും എംഎൽഎയുടെ പത്തുലക്ഷവും ഇതുവരെ കൊടുത്തുതീർത്തിട്ടില്ലെന്ന് ആരോപണമുണ്ട്.