ജില്ലയിൽ 17,889 സ്ത്രീകൾക്ക് അർബുദ ലക്ഷണങ്ങൾ
1510879
Tuesday, February 4, 2025 1:26 AM IST
തൃശൂർ: സ്ത്രീകളിൽ സ്തനാർബുദ, ഗർഭാശയ അർബുദങ്ങൾ വർധിച്ചുവരുന്നതായും ജില്ലയിൽ 30 വയസിനുമുകളിൽ ഒമ്പതരലക്ഷത്തിലേറെപ്പേരെ പരിശോ ധിച്ചതിൽ 17,889 സ്ത്രീകളിൽ അർബുദലക്ഷണങ്ങൾ കണ്ടെത്തിയതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്തനാർബുദ ലക്ഷണം 13, 761 പേരിലും ഗർഭാശയ അർബുദ ലക്ഷണം 4,128 പേരിലും കണ്ടത്തി. ഇവരെ കൂടുതൽ സ്ക്രീനിംഗിനു വിധേയമാക്കി മറ്റു നടപടികളിലേക്കു കടക്കും. പരമാവധി സ്ത്രീകളെ സ്വയംപരിശോധനയ്ക്കും പരിപാലനത്തിനും വിധേയമാക്കുകയാണു ലക്ഷ്യം.രോഗം സ്ഥിരീകരിക്കുന്നവർക്കു മെഡിക്കൽ കോളജുകൾ, ജില്ലാ, ജനറൽ ആശുപത്രികൾ, റീജണൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ എന്നിവിടങ്ങളിൽ ചികിത്സ ലഭ്യമാക്കുമെന്നും ഡോ. ടി.പി. ശ്രീദേവി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്തിന്റെ കാൻ പദ്ധതിയിലൂടെ ജില്ലയിൽ നടത്തിയ സർവേയിൽ കാൻസർ സ്ഥിരീകരിച്ചത് 528 പേർക്കാണ്.
ഇതിൽ എല്ലാ പ്രായത്തിലുള്ളവരും ഉൾപ്പെടും. ആദ്യഘട്ടത്തിൽ 188 പേർക്കും രണ്ടാംഘട്ടത്തിൽ 198 പേർക്കും മൂന്നാംഘട്ടത്തിൽ 142 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
പത്രസമ്മേളനത്തിൽ ഡിപിഎം ഡോ. പി. സജീവ് കുമാർ, പദ്ധതി നോഡൽ ഓഫീസർ ഡോ. വി.കെ. മിനി, ഡോ. എൻ.എ. ഷീജ, പി.എ. സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.
കാമ്പയിന് ഇന്നു തുടക്കം
കാൻസറിനെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായുള്ള കാന്പയിനു തുടക്കം കുറിച്ചു സംസ്ഥാനവ്യാപകമായി ആരംഭിക്കുന്ന പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 11 നു നടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. മാർച്ച് എട്ട് വനിതാദിനംവരെ സർക്കാരിന്റെ വിവിധ വകുപ്പുകൾ, സന്നദ്ധ, സ്വകാര്യസംഘടനകൾ എന്നിവരെ കോർത്തിണക്കിയാണ് കാന്പയിൻ സംഘടിപ്പിക്കുന്നത്.