കോർപറേഷൻ ഓഫീസ് പരിസരത്ത് മാലിന്യക്കൂന്പാരവും കൂത്താടികളും
1511206
Wednesday, February 5, 2025 2:09 AM IST
സി.ജി. ജിജാസൽ
തൃശൂർ: പകർച്ചവ്യാധിക്കെതിരെ പരാതിപറയാൻ കോർപറേഷനിൽ വരും മുൻപേ ഓർക്കുക, നിങ്ങൾക്ക് ഒരുപക്ഷേ പകർച്ചവ്യാധി പിടിപെട്ടേക്കാം. ഗാർബേജ് ഫ്രീ സിറ്റിയുടെയും കോർപറേഷൻ സീറോ വേസ്റ്റ് പദ്ധതിയുടെയും ഭാഗമായി നഗരം മാലിന്യമുക്തമാക്കാൻ നെട്ടോട്ടമോടുന്ന മേയറും കൂട്ടരും പക്ഷേ സ്വന്തം ഓഫീസ് പരിസരം വൃത്തിയാക്കാൻ മറന്നുപോയി. കോർപറേഷൻ ബൈക്ക് പാർക്കിംഗ് ഏരിയയിൽ കൂട്ടിയിട്ട മാലിന്യങ്ങൾ നീക്കംചെയ്യാത്തതും കെട്ടികിടക്കുന്ന വെള്ളം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കാത്തതും കോർപറേഷനെ മറ്റൊരു ഗുരുതര ആരോഗ്യപ്രശ്നത്തിലേക്കാണ് തള്ളിവിടുന്നുന്നത്.
പഴയ ചട്ടപ്പെട്ടികൾ, പ്ലാസ്റ്റിക് ഇഴകൾകൊണ്ടുള്ള കസേരകൾ, ചിതലരിച്ച മേശകൾ, ഉപയോഗം കഴിഞ്ഞ വയറുകൾ എന്നിവയാണ് കൂട്ടിയിട്ട മാലിന്യങ്ങളിൽ ഏറെയും. മാലിന്യം കെട്ടിക്കിടന്ന് കറുപ്പുനിറത്തിലായ വെള്ളത്തിൽ കൂത്താടികളും പെറ്റുപെരുകുന്നു. ഡെങ്കിയും ചിക്കൻ ഗുനിയയും ഉൾപ്പെടെ, പേരുള്ളതും ഇല്ലാത്തതുമായ പലവിധ രോഗങ്ങൾ പടർന്നുപിടിക്കുന്ന വേളയിലും ആരോഗ്യവിഭാഗം ഉൾപ്പെടെ പ്രവർത്തിക്കുന്ന കോർപറേഷൻ പരിസരത്തെ ഈ അനാസ്ഥ കണ്ടില്ലെന്നു നടിക്കുന്നതു ദയനീയമാണ്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് കണ്ടെത്തുന്നവർ അത് ചിത്രമോ വീഡിയോയോ ആയി ഹാജരാക്കിയാൽ പ്രതിഫലംവരെ ലഭ്യമാകുന്ന നാട്ടിൽ കണ്മുന്നിൽ കുന്നുകൂടിയ മാലിന്യം കണ്ടില്ലെന്നു നടിക്കുന്നതിന് ആരോടു പരാതിപറയുമെന്നാണ് ചോദ്യം.
ഒരിടത്ത് മാലിന്യങ്ങൾ നീക്കംചെയ്തും പൂന്തോട്ടങ്ങളുണ്ടാക്കിയും ഹീറോ പരിവേഷം സൃഷ്ടിച്ച കോർപറേഷനാണ് ഇത്തരം പിടിപ്പുകേടുകളെത്തുടർന്ന് വെറും സീറോയിലേക്കു കൂപ്പുകുത്തുന്നത്. മാലിന്യം കൂടിക്കിടന്നാലും, കൂത്താടികൾ പെരുകാനുള്ള സാഹചര്യം അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കിയാലും 5000 രൂപയോളം പിഴ ഈടാക്കുമെന്നാണ് ആരോഗ്യവിഭാഗംതന്നെ പറയുന്നത്. എന്നാൽ കോർപറേഷനിലെ ഈ പ്രശ്നത്തിൽ പിഴ ആരുടെ ഭാഗത്തുനിന്ന് ഈടാക്കുമെന്ന് കണ്ടറിയണം.
220 പൂന്തോട്ടം പരിപാലകരെ നിയമിക്കാൻ കോർപറേഷൻ
സ്വന്തം ലേഖകൻ
തൃശൂർ: വഴിയോരങ്ങളിലെ പൂന്തോട്ടങ്ങൾ പരിപാലിക്കാൻ ദിവസവേതനത്തിൽ ആളുകളെ നിയമിക്കാനൊരുങ്ങി കോർപറേഷൻ. ഇതിനായി വേതനയിനത്തിൽ ദിവസവും 1,48,500 രൂപയാണു ചെലവഴിക്കുക.
സീറോ വേസ്റ്റ് കോര്പറേഷന്, മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി വഴിയോരങ്ങൾ മാലിന്യമുക്തമാക്കാനാണു ഡിവിഷനുകൾതോറും പൂന്തോട്ടങ്ങൾ നട്ടുപിടിപ്പിച്ചത്. ഇവ സംരക്ഷിക്കാൻ ഒരോ ഡിവിഷനിലും നാലുപേരെവീതം മൊത്തം 220പേരെയാണു നിയമിക്കുന്നത്. അയൽക്കൂട്ട അംഗങ്ങളിൽനിന്ന് ഒരു വർഷത്തേക്കാണു താത്കാലിക നിയമനം. കുറഞ്ഞത് അഞ്ചാംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 18നും അന്പതിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ദിവസവേതനം 675 രൂപ.
കോർപറേഷൻ പരിധിയിലുള്ള മാലിന്യം കുന്നുകൂടിയ സ്ഥലങ്ങളും മലമൂത്ര വിസര്‍ജനം നടത്തിയിരുന്ന യെല്ലോ സ്പോട്ടുകളും പൊതുയിടങ്ങളില്‍ തുപ്പിയിട്ടിരുന്ന റെഡ് സ്പോട്ടുകളും കണ്ടെത്തിയാണു പൂച്ചെടികൾ നട്ടുപിടിപ്പിച്ചത്. ഇനിയും മാലിന്യം കുന്നുകൂടിയ സ്ഥലങ്ങൾ കണ്ടെത്തി പൂന്തോട്ടങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കാനാണു പദ്ധതി. ഇതിന്റെ വിജയത്തിനായാണ് അയൽക്കൂട്ട അംഗങ്ങളിൽനിന്ന് പൂന്തോട്ട പരിപാലനത്തിനായി ആളുകളെ നിയമിക്കുന്നത്. ഇതോടെ പദ്ധതിയിൽ പൊതുജനപങ്കാളിത്തം വർധിപ്പിക്കാനാകുമെന്നാണു പ്രതീക്ഷ.
കോര്പറേഷന് ഓഫീസിനു സമീപം പോസ്റ്റോഫീസ് റോഡ് കോര്‍ണറിലും ചേറ്റുപുഴ പാലത്തിനുസമീപം സംസ്ഥാനപാതയുടെ വഴിയോരത്തും സോണുകളിലെ വിവിധയിടങ്ങളിലും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനു സമീപം വൃത്തിഹീനമായിക്കിടന്നിരുന്ന സ്ഥലം ഇത്തരത്തില്‍ സംരക്ഷിച്ചിരുന്നത് മാതൃകാപരമായിരുന്നു. കോർപറേഷൻ പരിധിയിലെ ഗാര്‍ബേജ് ഫ്രീ റോഡായി അരണാട്ടുകര തോപ്പിന്‍മൂല മുതല്‍ ലാലൂര്‍ റോഡ് ഉള്‍പ്പടെ ചേറ്റുപുഴവരെ പ്രഖ്യാപിക്കുകയും ചെയ്തു കോർപറേഷൻ പരിധിയിലെ റോഡുകളുടെ ഇരുവശവും കോണ്‍ക്രീറ്റ് ഡിവൈഡറുകളുടെ നടുവിലും റോഡരികിലെ കൈവരികളിലും പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചു മനോഹരമാക്കിയിട്ടുണ്ട്.
പൂന്തോട്ട പരിപാലകരാകാൻ താത്പര്യമുള്ള അയൽക്കൂട്ട അംഗങ്ങൾ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും പ്രായം, വിദ്യാഭ്യാസയോഗ്യത, അയൽക്കൂട്ട അംഗത്വം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം കോർപറേഷൻ കുടുംബശ്രീ സിഡിഎസ് ഓഫീസിൽ ഇന്നു വൈകീട്ടു നാലിനു മുൻപായി നേരിട്ടു ഹാജരാകണമെന്നു കോർപറേഷൻ സെക്രട്ടറി അറിയിച്ചു.