"ഹെവി’യെടുക്കാം; സിംപിളായി..!
1510706
Monday, February 3, 2025 1:58 AM IST
രാജേഷ് പടിയത്ത്
തൃശൂർ: ചാലക്കുടി- എറണാകുളം ദേശീയപാത. ഭാരംകയറ്റിയ ലോറിയുമായി പോകുന്നതിനിടെ ഡ്രൈവർ പെട്ടെന്നു വണ്ടിയൊതുക്കി ചാടിയിറങ്ങി. മറുവശത്തൂകൂടിവന്ന ഡ്രൈവിംഗ് സ്കൂളിന്റെ ബസ് കൈകാട്ടി നിർത്തി. ഓടിച്ചെന്നു ബസിനുള്ളിൽ കയറി ഡ്രൈവിംഗ് സീറ്റിലിരുന്നയാളുടെ കാൽതൊട്ടു വന്ദിച്ചു! പിന്നെയൊരു ചോദ്യം: ""ടീച്ചർക്കെന്നെ ഓർമയുണ്ടോ..? ഞാൻ ആനന്ദാണ്, ടീച്ചറാണ് എന്നെ പഠിപ്പിച്ചത്’'.
എന്താണു സംഭവിക്കുന്നതെന്നറിയാതെ അന്പരന്ന ഡ്രൈവിംഗ് സ്കൂൾ പരിശീലക രേണുകയുടെ കണ്ണുകൾ നിറയാൻ അധികനേരം വേണ്ടിവന്നില്ല. ഗുരുവെന്ന നിലയിൽ ലഭിച്ച ഏറ്റവും വലിയ ആനന്ദ നിമിഷങ്ങളിലൂടെ കടന്നുപോകുകയായിരുന്നു അവർ. സ്കൂളിലും കോളജുകളുകളിലുമൊക്കെ പഠിപ്പിച്ച അധ്യാപകരെ കാണുന്പോൾ കുട്ടികൾ ഓടിയെത്തി പരിചയം പുതുക്കാറുണ്ടെങ്കിലും ഡ്രൈവിംഗ് പഠിപ്പിച്ച അധ്യാപികയെ കാണുന്പോൾ ഇങ്ങനെയുണ്ടാകുമോ..?
ചാലക്കുടി മാതാ ഡ്രൈവിംഗ് സ്കൂളിലെ രേണുക അബിയെന്ന ഡ്രൈവിംഗ് അധ്യാപികയ്ക്ക് ഇത്തരം "ഹെവി’ അനുഭവങ്ങൾ ഏറെയുണ്ട്. ലൈറ്റ് മോട്ടോർ വാഹനങ്ങളോടിക്കാൻ പഠിപ്പിക്കുന്നവർ കേരളത്തിൽ ധാരാളമുണ്ടെങ്കിലും ഭാരവാഹനങ്ങൾ ഓടിക്കാൻ പരിശീലിപ്പിക്കുന്നവർ കുറവാണ്. അതിൽ പ്രധാനിയാണു രേണുക.
ഡ്രൈവിംഗിനോടു രേണുകയ്ക്ക് അടങ്ങാത്ത കന്പമാണ്. കാർ ഓടിക്കാൻ പഠിപ്പിക്കാനാണു ഡ്രൈവിംഗ് സ്കൂളിലെത്തിയത്. ഒഴിവുസമയങ്ങളിൽ വലിയ വാഹനങ്ങളോടിക്കാൻ പഠിച്ചു. ഹെവി വെഹിക്കിൾ ലൈസൻസുമെടുത്തു. ഏൽപ്പിക്കുന്ന ദൗത്യം ക്ഷമയോടെ പൂർത്തിയാക്കുന്നതിനാൽ ഡ്രൈവിംഗ് സ്കൂൾ ഉടമ ബിനുവിനും രേണുകയെ വിശ്വാസമാണ്.
2013ലാണ് രേണുക ലൈറ്റ് വെഹിക്കിൾ ലൈസൻസ് നേടിയത്. രണ്ടുവർഷത്തിനുശേഷം ഹെവി ലൈസൻസ്. അഞ്ചാം ക്ലാസിൽ തുടങ്ങിയ കന്പമാണു വാഹനങ്ങളോടു രേണുകയ്ക്ക്. കലാഭവൻ മണിയുടെ സ്റ്റാൻഡിലാണ് അച്ഛൻ ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയിലാണ് ഡ്രൈവിംഗ് പഠനവും തുടങ്ങിയത്. വീട്ടിലെത്തുന്ന ബന്ധുക്കളുടെ വാഹനങ്ങളിലും കൈവച്ചു. നഴ്സിംഗിനുശേഷം മുരിങ്ങൂരിലെ ആശുപത്രിയിൽ രണ്ടുവർഷം ജോലിചെയ്തു. വിവാഹശേഷം ജോലി വേണ്ടെന്നുവച്ചു. അച്ഛനാണ് മകളുടെ വാഹനക്കന്പം ബിനുവിനെ അറിയിച്ചത്. അങ്ങനെയാണു മാതാ ഡ്രൈവിംഗ് സ്കൂളിലെ അധ്യാപികയായത്.
രേണുക വലിയ വാഹനങ്ങളോടിക്കുന്പോൾ പലർക്കും സംശയങ്ങളുമേറെ. ബസ് ഓടിക്കാൻ കാലെത്തുമോ എന്നു ചോദിച്ചവരുമേറെ. പൊക്കമൊരു പ്രശ്നമല്ലെന്നും ആഗ്രഹമുണ്ടെങ്കിൽ ഏതു വാഹനവും ഓടിക്കാമെന്നും ശിഷ്യരോടു പറയാറുണ്ട്. എത്രപേരെ പഠിപ്പിച്ചിട്ടുണ്ടെന്നു ചോദിച്ചാൽ കൈമലർത്തും! കോളജിൽ പഠിപ്പിച്ച അധ്യാപികമാരും അവരുടെ മക്കളുമൊക്കെ രേണുകയുടെ ശിഷ്യഗണത്തിലുണ്ട്. റെയിൽവേ ഗോഡൗണിൽ ജോലിചെയ്യുന്ന ഭർത്താവും ഏഴിലും ഒന്നിലും പഠിക്കുന്ന രണ്ടു പെണ്കുട്ടികളുമുള്ള കുടുംബത്തിന്റെ പൂർണപിന്തുണും രേണുകയ്ക്കുണ്ട്.
താൻ പഠിപ്പിച്ച കുട്ടികൾ വാഹനമോടിച്ചുപോകുന്പോഴും കൈവീശിക്കാട്ടുന്പോഴും അഭിമാനം തോന്നാറുണ്ടെന്നു രേണുക പറഞ്ഞു. ശിഷ്യർ വാഹനം വാങ്ങുന്പോൾ ആദ്യം തന്റെയടുത്തെത്തുന്ന നിമിഷങ്ങളും പ്രിയപ്പെട്ടതാണ്. പഠിപ്പിക്കുന്പോൾ രേണുക നിർത്താതെ സംസാരിക്കും. ശിഷ്യർക്കു ശരിയും തെറ്റും സൂക്ഷ്മമായി പറഞ്ഞുകൊടുക്കുന്നതാണ്. എപ്പോൾ സംസാരം കുറയ്ക്കുന്നുവോ, അപ്പോൾ നിശ്ചയിക്കാം, വാഹനമോടിക്കാൻ പഠിച്ചുതുടങ്ങിയെന്ന്.