കാൻസർ ദിനാചരണവും വിഗ് വിതരണവും നടത്തി
1510710
Monday, February 3, 2025 1:58 AM IST
മുളങ്കുന്നത്തുകാവ്: കാൻസർ ദിനാചരണവും രോഗത്തെത്തുടർന്നു മുടി നഷ്ടപ്പെട്ടവർക്കു വിഗ് വിതരണവും നടത്തി. തൃശൂർ മെഡിക്കൽ കോളജിൽ നടന്ന ചടങ്ങ് കുട്ടികളുടെ ഓങ്കോളജി വിഭാഗം സീനിയർ ഡോക്ടറും കൊച്ചി ലേക്ഷോർ ആശുപത്രി ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോ.വി.പി. ഗംഗാധരൻ ഉദ്ഘാടനംചെയ്തു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഇൻ-ചാർജ് ഡോ.എം. രാധിക അധ്യക്ഷയായി.
മെഡിക്കൽ കോളജ് വിദ്യാർഥികൾ ആരംഭിച്ച പുനർജനിയും സർജറി, ഓങ്കോളജി, കുട്ടികളുടെ വിഭാഗം എന്നിവ ചേർന്ന് ഇസാഫ് ഫൗണ്ടേഷന്റെ സഹകരണത്തിലാണു പരിപാടി സംഘടിപ്പിച്ചത്. നീളമുള്ള മുടിക്ക് ഒരുകിലോയ്ക്ക് 50,000 രൂപവരെയാണ് വില. സന്നദ്ധ പ്രവർത്തകർ സൗജന്യമായി നൽകിയ മുടി ശേഖരിച്ച് ഇതുവരെ 800 പേർക്കു വിഗുകൾ സൗജന്യമായി നൽകി.
വിഗുകളുടെ വിതരണോദ്ഘാടനം ഇസാഫ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ മെറീന പോൾ നിർവഹിച്ചു. സർജറി വിഭാഗം മേധാവി ഡോ.എസ്. ശ്രീകുമാർ, ഇഎൻടി വിഭാഗം മേധാവി ഡോ.പി.വി. അജയൻ, സർജിക്കൽ ഓങ്കോളജി വിഭാഗം മേധവി ഡോ. ശരത്ത് കൃഷ്ണൻ, കുട്ടികളുടെ വിഭാഗം പ്രഫസർ ഡോ. ജാനകി മേനോൻ, പുനർജനി സെക്രട്ടറി ഷാദ സലാം എന്നിവർ പ്രസംഗിച്ചു.