ഗുരുവായൂരിൽ വിവാഹത്തിരക്ക്; ഇന്നലെ നടന്നത് 212 വിവാഹങ്ങൾ
1510712
Monday, February 3, 2025 1:58 AM IST
ഗുരുവായൂർ: മകര മാസത്തിലെ മുഹൂർത്തം കൂടുതലുണ്ടായിരുന്ന ഞായറാഴ്ചയായ ഇന്നലെ ക്ഷേത്രത്തിൽ 212 വിവാഹങ്ങൾ നടന്നു. ദേവസ്വത്തിന്റേയും പോലീസിന്റെയും ഒത്തുചേർന്നുള്ള മുന്നൊരുക്കങ്ങൾ വിവാഹത്തിരക്ക് നിയന്ത്രണത്തിലാക്കുന്നതിന് സാധിച്ചു.
പുലർച്ചെ അഞ്ച് മുതൽ നാല് വിവാഹ മണ്ഡപങ്ങളിലുമായി വിവാഹങ്ങൾ തുടങ്ങി.തെക്കേ നടയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ വിവാഹ പാർട്ടിക്കാർക്ക് സൗകര്യം ഒരുക്കി. അവിടെനിന്ന് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലേക്ക് വിവാഹ പാർട്ടിക്കാരെ പ്രവേശിപ്പിച്ചശേഷം വിവാഹ മണ്ഡപത്തിലേക്ക് കടത്തിവിട്ടു. ഉച്ചയ്ക്ക് 12.45ഓടെ വിവാഹങ്ങൾ പൂർത്തിയായി.
227 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നു. ദർശനത്തിനുള്ള വരി വടക്കേ നടയിലേക്ക് മാറ്റി. ഭക്തരെ കൊടിമരത്തിന് സമീപത്തുകൂടി നേരിട്ട് പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടിന് ക്ഷേത്രനട അടച്ചു.
അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാരും സെക്യൂരിറ്റിയും പോലീസും ചേർന്ന് ക്രമീകരണങ്ങളൊരുക്കി. പാർക്കിംഗ് കേന്ദ്രങ്ങൾ നിറഞ്ഞതോടെ റോഡ് വശത്തും വാഹനങ്ങൾ പാർക്ക് ചെയ്തു.