ഒല്ലൂർ ജംഗ്ഷൻ വികസനം: ലാൻഡ് അക്വിസിഷൻ ഓഫീസറെ നിയമിച്ചു
1510884
Tuesday, February 4, 2025 1:26 AM IST
ഒല്ലൂർ: ഒല്ലൂർ ജംഗ്ഷൻ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടിക്ക് ഓഫീസറെയും പ്രത്യേക ദൗത്യസംഘത്തെയും നിയമിച്ചു. തൃശൂർ എൽഎ വിഭാഗം സ്പെഷൽ തഹസിൽദാർ ജനറൽ ബിന്ദുവിനെയാണ് ലാൻഡ് അക്വിസിഷൻ ഓഫീസറായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിയമിച്ചത്.
ഇവരടക്കം 11 അംഗ പ്രത്യേക സംഘത്തെയും ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ നിയമിച്ചിട്ടുണ്ട്. കേരള റോഡ് ഫണ്ട് ബോർഡ് എക്സി. എൻജിനീയർ അക്വിസിഷൻ ഓഫീസർക്കു സഹായങ്ങൾ നൽകും.
ജനുവരി 25ലെ ഉത്തരവുപ്രകാരം ഏറ്റെടുക്കാനുള്ള ഭൂമിയുടെ സർവേ നമ്പറുകൾ മാർക്കിംഗ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രത്യേക ഓഫീസറെയും സംഘത്തെയും നിയമിച്ചിരിക്കുന്നത്.
ഭൂമി ഏറ്റെടുത്താൽ ലാൻഡ് അക്വിസിഷൻ റിഹാബിലിറ്റേഷൻ ആൻഡ് റി സെറ്റിൽമെന്റ് (എൽഎആർആർ) ആക്ട് - 2013ന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അർഹമായ നഷ്ടപരിഹാരം നൽകുമെന്നു മന്ത്രി കെ. രാജൻ അറിയിച്ചു.
ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി കിഫ്ബിയിൽനിന്ന് 55.17 കോടി രൂപ അനുവദിച്ചിരുന്നു. അഞ്ചുകോടി രൂപ ബജറ്റ് വിഹിതവും ഉണ്ട്. ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
സംസ്ഥാനത്തെ ഇരുപത് ജം ഗ്ഷനുകൾ വികസിപ്പിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒല്ലൂർ ജംഗ്ഷൻ വികസിപ്പിക്കുന്നത്.
വികസനവുമായി ബന്ധപ്പെട്ട് സ്ഥലത്തെ വ്യാപാരികൾ, ഭൂവുടമകൾ, കച്ചവടക്കാർ എന്നിവരുമായി മന്ത്രി നേരത്തേ സമവായ ചർച്ചകൾ നടത്തിയിരുന്നു. ഭൂമി ഏറ്റെടുക്കൽ, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് ഭൂവുടമകൾക്ക് ആശങ്കയില്ലാതെ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമെങ്കിൽ ഇനിയും ചർച്ചകൾ നടത്തുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.