കടലിൽ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ രക്ഷിച്ചു
1510709
Monday, February 3, 2025 1:58 AM IST
അഴീക്കോട്: എൻജിൻ നിലച്ചു കടലിൽ കുടുങ്ങിയ ബോട്ടിലുണ്ടായിരുന്ന ആറു മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ഫിഷറീസ്-മറൈൻ എൻഫോഴ്സ് റെസ്ക്യു സംഘം. ഫിഷ് ലാൻഡിംഗ് സെന്ററിൽനിന്ന് ഇന്നലെ പുലർച്ചെ മീൻപിടിത്തത്തിനു പോയ അഴീക്കോട് സ്വദേശി പ്രവീണിന്റെ മെലൂഹ എന്ന ബോട്ടിന്റെ എൻജിനാണു തകരാറിലായത്. കടലിൽനിന്ന് പത്തു നോട്ടിക്കൽ അകലെ അഴിമുഖം തെക്ക്-പടിഞ്ഞാറ് ഭാഗത്താണു ബോട്ട് തകരാറിലായത്.
രാവിലെ 10.45ന് ബോട്ടും തൊഴിലാളികളും കടലിൽ കുടുങ്ങിയെന്ന് അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശമെത്തി. ഫിഷറീസ് അസി. ഡയറക്ടർ ഡോ.സി. സീമയുടെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഉദ്യോഗസ്ഥരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, റസ്ക്യു ഗാർഡുകളായ ഫസൽ, ഷിഹാബ്, ബോട്ട് സ്രാങ്ക് ദേവസി മുനന്പം, എൻജിൻ ഡ്രൈവർ റോക്കി എന്നിവർ നേതൃത്വംനൽകി.
മത്സ്യബന്ധന ബോട്ടുകൾ വാർഷിക അറ്റകുറ്റപ്പണികൾ നടത്താത്തതും കാലപ്പഴക്കമുള്ള യാനങ്ങൾ ഉപയോഗിക്കുന്നതും മൂലമാണ് അപകടങ്ങൾ ആവർത്തിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് ഫിഷറീസ് സ്റ്റേഷൻ സജ്ജമാണെന്നു ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ മജീദ് പോത്തുന്നൂരാൻ പറഞ്ഞു.