നാലുമണിക്കൂറിൽ പിടിയിലായത് 17 പിടികിട്ടാപ്പുള്ളികൾ ; വലമുറുക്കി തൃശൂർ റൂറൽ പോലീസ്
1510587
Sunday, February 2, 2025 8:05 AM IST
തൃശൂർ: റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശത്തെതുടർന്നു നടന്ന സ്പെഷൽ ഡ്രൈവിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് സ്റ്റേഷൻ പരിധികളിൽനിന്നു പിടിയിലായത് 17 പിടികിട്ടാപ്പുള്ളികൾ.
സാമൂഹ്യവിരുദ്ധരുടെയും ഗുണ്ടകളുടെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും പിടികിട്ടാപ്പുള്ളികളെയും വാറന്റ് പ്രതികളെയും പിടികൂടുന്നതിനും ലഹരിവസ്തുക്കൾ കണ്ടുപിടിക്കുന്നതിനുമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇതിനുപുറമെ 20 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. വാറന്റ് പ്രതികളായ 113 പേരെ പിടികൂടുകയും 83 ഓളം ഗുണ്ടകളെ കരുതൽതടങ്കലിൽ വയ്ക്കുകയും ചെയ്തിട്ടുണ്ട്. നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് അഞ്ചു കേസുകളും നിയമവിരുദ്ധമായി പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതിനും ഉപയോഗിച്ചതിനുമായി ഏഴു കേസുകളും മദ്യപിച്ച് വാഹനമോടിച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 300 ഓളം സാമൂഹ്യവിരുദ്ധരെയും ഗുണ്ടകളെയുമാണ് അന്വേഷണസംഘം പരിശോധിച്ചത്.