"ശുചിത്വനഗരം' സംസ്ഥാന പാതയിൽ മാത്രമോ?
1510889
Tuesday, February 4, 2025 1:26 AM IST
വടക്കാഞ്ചേരി: നഗരസഭ ഡിവിഷൻ എട്ടിൽ റെയിൽവേ പരിസരം മാലിന്യംതള്ളൽ കേന്ദ്രമായി മാറുന്നു. ശുചിത്വ നഗരമെന്ന് അവകാശപ്പെട്ട് വലിയ രീതിയിലുള്ള കാമ്പയിൻ നടക്കുമ്പോഴാണ് നഗരഹൃദയത്തിനടുത്തുതന്നെ വലിയ രീതിയിലുള്ള മാലിന്യനിക്ഷേപവും വലിച്ചെറിയലും നടക്കുന്നത്. കക്കൂസ് മാലിന്യം ഉൾപ്പെടെ വാഹനങ്ങളിലെത്തിച്ച് മേഖലയിൽ ഒഴുക്കിയ നിലയിലാണ്.
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനുപിൻവശം എംആർഎസ് റോഡിനു സമീപമാണ് വലിയ രീതിയിൽ മാലിന്യ തള്ളിയിരിക്കുന്നത് . ദുർഗന്ധം മൂലം ഇതുവഴിയുള്ള യാത്ര അസഹ്യമാണ്. ക്ലേലിയ സ്കൂൾ മുതൽ എംആർഎഫ് സ്കൂൾ വരെയുള്ള രണ്ടുകിലോമീറ്റർ ഭാഗത്ത് റെയിൽവേയോട് ചേർന്നുള്ള സ്ഥലത്തു പ്ലാസ്റ്റിക്കുകളും ഭക്ഷണവേസ്റ്റും കക്കൂസ് മാലിന്യവും മദ്യക്കുപ്പികളും ഉൾപ്പെടെ വൻതോതിലാണ് തള്ളിയിരിക്കുന്നത്. എംആർഎസ് സ്കൂളിലെഅധ്യാപകരും ജീവനക്കാരും ഉൾപ്പെടെയുള്ള നിരവധി ആളുകൾ വന്നുപോകുന്ന റോഡരികിലാണ് മാലിന്യനിക്ഷേപം.
മാസങ്ങൾക്കുമുമ്പ് ഇതേസ്ഥലത്ത് വലിയ രീതിയിലുള്ള മാലിന്യനിക്ഷേപം നടക്കുന്നതായുള്ള വാർത്ത മാധ്യമങ്ങളിൽ പുറത്തുവിടുകയും, റെയിൽവേ സൂപ്രണ്ടിന് പിഴയിട്ടുള്ള നോട്ടീസ് നൽകി നഗരസഭ സെക്രട്ടറി നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ മേഖലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുവാനോ മാലിന്യം തള്ളുന്നവരെ കണ്ടെത്തുവാനോ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് റെയിൽവേ പരിസരം സമാന്തര മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുവാൻ കാരണം.
കേന്ദ്ര നഗര പാർപ്പിട നഗരകാര്യം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേകളിലൊന്നായ സ്വച്ച് സർവ്വേക്ഷനെ വരവേൽക്കുവാൻ ലക്ഷങ്ങൾ ചെലവഴിച്ചു വലിയ പ്രചരണ പരിപാടികളാണ് വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. കുറാഞ്ചേരി മുതൽ അകമല വരെയുള്ള സംസ്ഥാനപാതയോരത്ത് ചിത്രങ്ങൾ വരച്ചും, പൂന്തോട്ടങ്ങൾ ഒരുക്കിയും വലിച്ചെറിയൽ മുക്ത മാലിന്യ സന്ദേശങ്ങൾ നൽകുമ്പോഴും നഗരസഭയ്ക്ക് തൊട്ടടുത്തുള്ള ഈ മാലിന്യ നിക്ഷേപം ബന്ധപ്പെട്ട അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണന്നാണ് നാട്ടുകാരുടെ പരാതി.