വൈദ്യരത്നം ആയുർവേദ ആശുപത്രിക്ക് ദേശീയ അംഗീകാരം
1510589
Sunday, February 2, 2025 8:05 AM IST
ഒല്ലൂർ: വൈദ്യരത്നം ആയുർവേദ കോളജ് ആശുപത്രിക്കു ലഭിച്ച ദേശീയ അംഗീകാരത്തിന്റെ (എൻഎബിഎച്ച്) ഔദ്യോഗികപ്രഖ്യാപനം മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. എൻഎബിഎച്ച് അംഗീകാരത്തിനായി വരുത്തിയ അടിസ്ഥാനസൗകര്യങ്ങളുടെ ഗണ്യമായ വർധന കോളജ് ആശുപത്രിയുടെ മുഖഛായ മാറ്റിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്വാളിറ്റി കൺട്രോൾ ഓഫ് ഇന്ത്യയുടെ അസസ്മെന്റിൽ എ ഗ്രേഡും ദേശീയതലത്തിൽ 25-ാം റാങ്കും കേരളത്തിൽ നാലാം റാങ്കും കിട്ടിയതിനു വൈദ്യരത്നം ആയുർവേദ കോളജിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
വൈദ്യരത്നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ് അധ്യക്ഷത വഹിച്ചു. ആരോഗ്യസർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ ക്വാളിറ്റി കൺട്രോൾ ഓഫ് ഇന്ത്യയുടെ അസസ്മെന്റിൽ ലഭിച്ച എ ഗ്രേഡിന്റെ ഔദ്യോഗികപ്രഖ്യാപനവും അവാർഡ് ദാനവും നടത്തി.
കോർപറേഷൻ കൗൺസിലർ സി.പി. പോളി, വൈദ്യരത്നം ആയുർവേദ സൊസൈറ്റി സെക്രട്ടറി കോളജ് അഡ്മിനിസ്ട്രേറ്റർ ഡോ. രഘുനാഥൻ തോട്ടപ്പിള്ളി, മുൻ ഹോസ്പിറ്റൽ സൂപ്രണ്ട് പി.കെ.വി. ആനന്ദ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പൽ ഡോ. വി എൻ. പ്രസന്ന സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ദ്ദുൾ റൗഫ് നന്ദിയും പറഞ്ഞു.