കരിങ്കല്ലുപണിയുടെ മറവിൽ രാസലഹരി വില്പന; യുവാവ് അറസ്റ്റിൽ
1510894
Tuesday, February 4, 2025 1:26 AM IST
മതിലകം: കരിങ്കല്ലുപണിയുടെ മറവിൽ രാസലഹരി വില്പന നടത്തിയയാള്‍ അറസ്റ്റില്‍. ശ്രീനാരായണപുരം പോഴങ്കാവ് മിൽമറോഡിൽ താമസിക്കുന്ന കീഴോത്തു സാബിത്തി(കണ്ണൻ - 40)നെ യാണ് അറസ്റ്റ് ചെയ്തത്.
അതിമാരക മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന് റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് രഹസ്യവിവരം കിട്ടിയതിനെതുടർന്ന് കൊടുങ്ങല്ലൂർ ഡാൻസഫ് ടീം അംഗങ്ങളും സ്പെഷൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫും മതിലകം എസ്ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സാബിത്തിനെ പിടികൂടിയത്. പരിശോധനനടത്തിയതിൽനിന്നു സാബിത്തിൽനിന്ന് രണ്ടു ഗ്രാമോളംവരുന്ന രാസലഹരി കണ്ടെടുത്തു. എസ്ഐ രമ്യ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ്ഐ സഹദ്, എഎസ്ഐ പ്രജീഷ്, ലിജു, ഗ്രേഡ് സീനിയർ സിപിഒ ബിജു, ജമാൽ, നിഷാത്, ഷിബിൻ ജോൺസൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ മുഹമ്മദ് അഷ്റഫ് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായി.
കരിങ്കല്ലുപ്പണിക്കാരനായ ഇയാൾ അമിതലാഭം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് രാസലഹരിയുടെ വിൽപന തുടങ്ങിയത്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇയാൾക്കെതിരെ കയ്പമംഗലം സ്റ്റേഷനിൽ മയക്കുമരുന്ന് കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാൾക്ക് എംഡിഎംഎ നൽകിയവരെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.