വാഹനമിടിച്ച് പുള്ളിമാൻ ചത്തു
1510721
Monday, February 3, 2025 1:58 AM IST
വടക്കാഞ്ചേരി: തൃശുർ - ഷൊർണൂർ സംസ്ഥാനപാതയിൽ വാഴക്കോട് മുസ്ലിംപള്ളിക്കു സമീപം വാഹനമിടിച്ച് പുള്ളിമാൻ ചത്തു. രണ്ടു വയസുള്ള പുള്ളിമാനാണ് കാറിടിച്ച് ചത്തത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.
സംസ്ഥാനപാതയിലൂടെ പോവുകയായിരുന്ന വാഹനത്തിന് മുന്നിലേക്ക് പുള്ളിമാൻ ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്. യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് പൂങ്ങോട് സ്റ്റേഷനിൽ നിന്നു ഡെപ്യൂട്ടി റേഞ്ചർ മനോജ് ദാമോദരന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മാനിന്റെ ജഡം പാതയിൽ നിന്നു നീക്കി.
ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. മിഥുന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ അബ്ദുൽ റഹീം, എസ്. ഷിബു, കെ.ബി. രാജേഷ്, വാച്ചർ ബാലകൃഷ്ണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.