വാക - മറ്റം റോഡിലൂടെയുള്ള യാത്ര ദുരിതപൂർണം
1510723
Monday, February 3, 2025 1:58 AM IST
എളവള്ളി: ദേശീയപാത വികസനത്തിനായുള്ള മണ്ണെടുപ്പ് മൂലം വാക - മറ്റം റോഡിലൂടെയുള്ള യാത്ര ദുരിതപൂർണം. ഇരു ചക്രവാഹന യാത്രികർ റോഡിൽ തെന്നിവീഴുന്നത് നിത്യ സംഭവമായി. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ യുവതിക്ക് സാരമായി പരിക്കേറ്റു. വാക എടക്കളത്തൂർ വീട്ടിൽ അൾജിന്റെ ഭാര്യ മീനുവിനാണ് (23) പരിക്കേറ്റത്. കഴിഞ്ഞ അഞ്ചുമാസത്തിലേറെയായി എളവള്ളി പഞ്ചായത്തിലെ ചേലൂർ മേഖലയിൽ നിന്നാണ് വലിയ കുന്നുകൾ ഇടിച്ച് ദേശീയപാത വികസനത്തിനായി മണ്ണെടുക്കുന്നത്.
ദിനംപ്രതി അമ്പതോളം ടോറസ് ലോറികളാണ് ചേലൂരിൽ നിന്ന് മണ്ണുമായി റോഡ് നിർമാണം നടക്കുന്ന മേഖലയിലേക്ക് പോകുന്നത്. മണ്ണിന്റെ പൊടി സമീപത്തെ വീടുകളിലേക്ക് കാറ്റടിച്ച് എത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് കരാറുകാരൻ റോഡിൽ വീണുകിടക്കുന്ന മണ്ണിന് മുകളിലേക്ക് വെള്ളം അടിക്കുന്നതിനാൽ രാവിലെ സമയങ്ങളിൽ റോഡ് ചെളിക്കുളത്തിന് സമാനമാണ്.
ഇതുമൂലം മാസങ്ങളായി പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണെന്ന് പൊതു പ്രവർത്തകനായ പ്രസാദ് വാക പറഞ്ഞു.
റോഡ് വികസനത്തിനായി മണ്ണെടുക്കുന്നതിലല്ല പ്രതിഷേധം. മറിച്ച് കരാറുകാരൻ റോഡ് ചെളിക്കുളമാക്കി മാറ്റി യാത്ര ദുരിതം സൃഷ്ടിക്കുന്നതിലാണ് രാഷ്ട്രീയത്തിനതീതമായി നാട്ടുകാർ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നത്.
സുഗമമായി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കിയിലെങ്കിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും മണ്ണെടുപ്പ് തടയുമെന്നും പ്രസാദ് വാക പറഞ്ഞു.