സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കു നടത്തി
1510582
Sunday, February 2, 2025 7:57 AM IST
ഇരിങ്ങാലക്കുട: തൃശൂര്‍ - കൊടുങ്ങല്ലുര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്നലെ ഉച്ചതിരിഞ്ഞ് ബസുടമകളും ജീവനക്കാരും പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
പണിമുടക്കിനെത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ബസ് കാത്തുനിന്ന യാത്രക്കാര്‍ പെരുവഴിയിലായി. രാവിലെ ഓഫീസിലേക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പോകാനിറങ്ങിയവരും ജോലിക്കു പോകേണ്ടവരും വിദ്യാര്‍ഥികളും ഉള്‍പ്പടെയുള്ള യാത്രക്കാരെ പണിമുടക്ക് വലച്ചു.
അപ്രതീക്ഷിത പണിമുടക്കായതിനാല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളും കൂടുതലായുണ്ടായില്ല. തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈം റെക്കോര്‍ഡ് ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തില്‍നടന്ന ചര്‍ച്ചയില്‍ ജില്ലാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയഷന് പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍, ബസുടമ സി.എം. ജയാനന്ദ്, ജീവനക്കാരുടെ പ്രതിനിധികളായ ടി.കെ. സന്തോഷ്, പ്രദീപ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മാപ്രാണം ബ്ലോക്ക് ജംഗ്ഷന്, കരുവന്നൂര്‍ പുത്തന്‍തോട് ജംഗ്ഷന്, ഊരകം, കരുവന്നൂര്‍ പെട്രോള്‍പമ്പിന് സമീപം കലുങ്കു നിര്‍മാണംനടക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ പോലീസിനെ നിയോഗിക്കും. കലുങ്കു നിര്‍മാണം നടക്കുന്നിടത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങള്‍ മാത്രം മെയിന്‍ റോഡിലൂടെ കടത്തിവിടുകയും ചെറുവാഹനങ്ങള്‍ ഊരകം, പല്ലിശേരി വഴി രാജകമ്പനി പരിസരത്തേക്ക് എത്തുന്ന വിധത്തില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തും. നാലുദിവസം കഴിഞ്ഞ് പിന്നീട് വേണ്ടിവന്നാല്‍ പരിഷ്കരിക്കാമെന്നും ധാരണയായി. മാപ്രാണം ലാല്‍ ആശുപത്രി പരിസരത്ത് ഗതാഗതനിയന്ത്രണം തെറ്റിച്ചെത്തിയ വാഹനങ്ങള്‍ക്കെതിരെ ബസുടമകള്‍ നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്രാണം - പുത്തന്‍തോട് റോഡില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങള്‍ തെറ്റിച്ചുകൊണ്ട് വാഹനങ്ങള്‍ വരുന്നതുകൊണ്ടുള്ള ഗതാഗതക്കുരുക്കില്‍ പ്രതിഷേധിച്ചാണ് രാവിലെ എട്ടിന് മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്.
ഗതാഗതസ്തംഭനങ്ങളെ തുടര്‍ന്ന് കൃത്യമായി ഓടിയെത്താന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു. ഏതാനും ദിവസങ്ങളായി പ്രശ്നം ആരംഭിച്ചിട്ടെന്നും എന്നാല്‍ ഗതാഗതനിയന്ത്രണങ്ങള്‍ കര്‍ശനമായി ഉറപ്പുവരുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്നു കൃത്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും ബസ് ജീവനക്കാര്‍ കുറ്റപ്പെടുത്തി.
മാപ്രാണം മുതല്‍ പുത്തന്‍തോട് വരെയുള്ള റോഡ് നിര്‍മാണം ആരംഭിച്ചതോടെ തൃശൂരില്‍നിന്നു ഇരിങ്ങാലക്കുടയിലേക്ക് ഒറ്റവരി ഗതാഗതമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുടയില്‍നിന്നു തൃശൂരിലേക്കുള്ള വാഹനങ്ങള്‍ പൊറത്തിശേരി,ചെമ്മണ്ട, മൂര്‍ക്കനാട് വഴി പുത്തന്തോടെത്തി തിരിഞ്ഞാണുപോകേണ്ടത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മാപ്രാണം - പുത്തന്‍തോട് റോഡില്‍ കെഎസ്ടിപിയുടെ നേതൃത്വത്തില്‍ റോഡ് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്.