കൂർക്കഞ്ചേരി - കുറുപ്പംറോഡ് കോണ്‍ക്രീറ്റിംഗ്; ഇന്നുമുതൽ ഗതാഗതനിയന്ത്രണം
1510886
Tuesday, February 4, 2025 1:26 AM IST
തൃശൂർ: കൂർക്കഞ്ചേരി- കുറുപ്പം റോഡ് കോണ്ക്രീറ്റിംഗിന്റെ ഭാഗമായി ഇന്നുമുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ വണ്‍വേ ആയ വെളിയന്നൂർ- ദിവാൻജിമൂല റോഡ് ടുവേ ആയി പ്രവർത്തിക്കും.
പൂത്തോളിൽനിന്നു വരുന്ന ഭാരവാഹനങ്ങൾ ദിവാൻജിമൂലയിലെത്തി വലത്തോട്ടുതിരിഞ്ഞു കെഎസ്ആർടിസി - എമറാൾഡ് ജംഗ്ഷനിൽ എത്തി ഇടത്തോട്ടുതിരിഞ്ഞ് വെളിയന്നൂർ, മാതൃഭൂമി ജംഗ്ഷൻ വഴി സർവീസ് നടത്തണം. കൊക്കാലെവഴി തൃശൂർ റൗണ്ടിലേക്കു പോകുന്ന ബസുകൾ കെഎസ്ആർടിസി - എമറാൾഡ് ജംഗ്ഷനിലെത്തി വലത്തേക്കുതിരിഞ്ഞു വെളിയന്നൂർ, മാതൃഭൂമി ജംഗ്ഷൻവഴി സർവീസ് നടത്തണം.
കൂർക്കഞ്ചേരിയിൽനിന്ന് വടക്കേ സ്റ്റാൻഡിലേക്കും റൗണ്ടിലേക്കും പോകേണ്ട ബസുകൾ കെഎസ്ആർടിസി- എമറാൾഡ് ജംഗ്ഷൻവഴി ദിവാൻജിമൂല - ദ്വാരക ഹോട്ടൽ ജംഗ്ഷനിലെത്തി മാരാർ റോഡ് വഴി സർവീസ് നടത്തണം. കൂർക്കഞ്ചേരി, പൂത്തോൾ ഭാഗത്തുനിന്ന് റൗണ്ടിലേക്കു പോകേണ്ട ചെറുവാഹനങ്ങൾ പോസ്റ്റ് ഓഫീസ് റോഡ് വഴി എംഒ റോഡിലെത്തണം. ശക്തനിലേക്കു പോകേണ്ട വാഹനങ്ങൾ പഴയ നാരങ്ങ അങ്ങാടിവഴി (അഴീക്കോടൻ സ്മാരകമന്ദിരത്തിന് എതിർവശം) പോകണം.
മാതൃഭൂമി ജംഗ്ഷൻ, വെളിയന്നൂർ - ദിവാൻജിമൂലവഴി സർവീസ് നടത്തുന്ന ബസുകളും മറ്റു വാഹനങ്ങളും കെഎസ്ആർടിസി- എമറാൾഡ് ജംഗ്ഷനിലുള്ള പുതിയ ബസ് സ്റ്റോപ്പിൽനിന്ന് ആളുകളെ കയറ്റി പൂത്തോൾവഴി സർവീസ് നടത്തണം. റെയിൽവേ സ്റ്റേഷനിൽനിന്ന് ദിവാൻജി മൂലയിലേക്ക് അറിയിപ്പുണ്ടാകുന്നതുവരെ വണ്‍വേ ആയിരിക്കും. റെയിൽവേ സ്റ്റേഷനിലേക്കു പോകേണ്ട വാഹനങ്ങൾ കെ എസ്ആർടിസി- എമറാൾഡ് ജംഗ്ഷനിൽനിന്ന് ഇടത്തേക്കു തിരിഞ്ഞുപോകണം.
കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് പാലക്കാട്, എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ തെക്കേ ഗേറ്റ് വഴി പുറത്തുകടന്ന് വെളിയന്നൂർ ജംഗ്ഷൻവഴി സർവീസ് നടത്തണം. വടക്കുഭാഗത്തേക്കു പോകേണ്ട ബസുകൾ ദിവാൻജിമൂല, പൂത്തോൾവഴി സർവീസ് നടത്തണം.
കെ എസ്ആർടിസി സ്റ്റാൻഡിലേക്കു വടക്കുഭാഗത്തുള്ള ഗേറ്റ് വഴി പ്രവേശിക്കണമെന്നു തൃശൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് അറിയിച്ചു.