എംഡിഎംഎ വില്പനക്കാരനായ യുവാവ് അറസ്റ്റിൽ
1510883
Tuesday, February 4, 2025 1:26 AM IST
തൃശൂർ: ഹൈറോഡിനു സമീപം പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിൽനിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. മനക്കൊടി മാമ്പുള്ളി വീട്ടിൽ സ്വാമി എന്നറിയപ്പെടുന്ന പ്രണവാണ് (25)
അറസ്റ്റിലായത്. ഇയാളിൽനിന്ന് 10.28 ഗ്രാം എംഡിഎംഎ പിടികൂടി.
വിവിധ റിസോർട്ടുകളിലെ പാർട്ടികൾക്കും അവിടെ താമസിക്കാനെത്തുന്നവർക്കും സിനിമാക്കാർക്കും പ്രതി മയക്കുമരുന്നു വിതരണം ചെയ്തുവരികയായിരുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമാണ് ഇയാൾ മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്. രഹസ്യവിവരത്തെതുടർന്ന് ദിവസങ്ങൾ നീണ്ട നീക്കത്തിനൊടുവിലാണ് പ്രതി ലഹരിവിരുദ്ധസേനയുടെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രതിക്കു മയക്കുമരുന്ന് ലഭിച്ചത് എവിടെനിന്നാണെന്നും ആർക്കൊക്കെ വില്പന നടത്തിയിട്ടുണ്ടെന്നും പോലീസ് അന്വേഷിച്ചുവരുന്നു.
എസിപി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ ഈസ്റ്റ് എസ്ഐ ബിപിൻ ബി. നായർ, സിറ്റി ലഹരിവിരുദ്ധ സ്ക്വാഡിലെ എഎസ്ഐ ടി.വി. ജീവൻ, സിപിഒമാരായ എം.എസ്. ലിഗേഷ്, കെ. വൈശാഖ്രാജ്, കെ.എസ്. സംഗീത്, ഈസ്റ്റ് എസ് ഐമാരായ ഹരീന്ദ്രൻ, ജിനോ പീറ്റർ, അനുശ്രീ, സിപിഒമാരായ സുജിത്, പ്രദീപ് എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.