ഇനി അടുത്ത അപകടം ഉണ്ടാക്കണോ?
1510885
Tuesday, February 4, 2025 1:26 AM IST
പഴയന്നൂർ: ഈ ചോദ്യം പഴയന്നൂർ വെള്ളാർകുളത്തെ നാട്ടുകാരുടേതാണ്. ന്യായമായ ചോദ്യമാണെന്ന് ഇതോടൊപ്പമുള്ള ചിത്രം കണ്ടാൽ വ്യക്തമാകും. നിയന്ത്രണംവിട്ട് രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർത്ത് ഒരു വീടിന്റെ വശത്തേക്ക് ഇടിച്ചുകയറിയ മിനി കണ്ടെയ്നർ ലോറി ദിവസങ്ങളായി റോഡരികിൽ കിടക്കുന്നു. വാഹനത്തിന്റെ പിൻഭാഗം റോഡിലേക്കു തള്ളിയാണ് നിൽക്കുന്നത്. രാത്രികാലങ്ങളിൽ വരുന്ന വാഹനങ്ങൾ അടുത്തെത്തുന്പോൾ മാത്രമാണ് ഇതു കാണുക. അടുത്തൊരു അപകടമുണ്ടാകാനുള്ള സാധ്യത വളരെക്കൂടുതൽ.
പകൽപോലും ഇവിടെ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ വലിയ പ്രയാസമാണെന്ന് നാട്ടുകാർ പറയുന്നു. ഏറെ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയാണിത്. എന്തിനാണ് മനപ്പൂർവം ദുരിതമുണ്ടാക്കുന്നതെന്നാണ് അവരുടെ സംശയം. അപകടത്തിൽപ്പെട്ട വാഹനം എത്രയും വേഗം മാറ്റി വാഹനയാത്ര സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.