ഷിബു വാലപ്പൻ ചെയർമാനാകും; ഭാര്യ ആലീസ് വൈസ് ചെയർമാൻ
1510881
Tuesday, February 4, 2025 1:26 AM IST
ചാലക്കുടി: കൗൺസിലർ ദമ്പതികൾ ഇനി നഗരസഭയുടെ ചെയർമാൻ, വൈസ് ചെയർമാൻ കസേരകളിൽ. ആറിനാണ് ഷിബു വാലപ്പൻ ചെയർമനായി തെരഞ്ഞെടുക്കപ്പെടുക. അന്നാണ് കൗൺസിലർമാരായ ഷിബു വാലപ്പനും ഭാര്യ ആലീസ് ഷിബുവും ഈ അപൂർവ ഭാഗ്യം നേടുക. ചെയർമാന്റെ ചാർജ് വഹിക്കുന്ന വൈസ് ചെയർപേഴ്സൺ ഭാര്യ ആലീസായിരിക്കും ചെയർമാന് അധികാരം കൈമാറുക. ഭാര്യയിൽനിന്ന് അധികാരം ഏറ്റുവാങ്ങുന്ന അപൂർവ ചരിത്രനിമിഷത്തിന് നഗരസഭ സാക്ഷ്യം വഹിക്കും.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ ഭൂരിപക്ഷം ലഭിച്ചതിനെതുടർന്ന് യുഡിഎഫിലെ ധാരണയനുസരിച്ച് ആദ്യം വി.ഒ. പൈലപ്പനും തുടർന്ന് എബി ജോർജിനുശേഷം ഈ കൗൺസിലിലെ മൂന്നാമത്തെ ചെയർമാനാകും ഷിബു വാലപ്പൻ. ഇപ്പോൾ ഷിബു യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡറാണ്. വൈസ് ചെയർപേഴ്സൻസ്ഥാനം ഒഴിയാൻ നേതൃത്വത്തിന് ആലിസ് ഷിബു കത്ത് നൽകിയിട്ടുണ്ട്. തത്കാലം തുടരാനാണ് നിർദേശം.
2000 ലാണ് ഇടതുകോട്ടയായ വിആർ പുരത്തുനിന്നും ഷിബു വാലപ്പൻ വിജയംനേടി കൗൺസിലിൽ എത്തുന്നത്. ഈ വാർഡിൽനിന്നും നഗരസഭയിലെത്തുന്ന ആദ്യത്തെ കോൺഗ്രസുകാരനും ഷിബുവാണ്. ഐആർഎം വാർഡിൽനിന്നും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചുവന്ന ആലിസും തമ്മിൽ വിവാഹിതരാകുകയായിരുന്നു. അഞ്ചാം പ്രാവശ്യമാണ് ഇവർ കൗൺസിലിൽ എത്തുന്നത്. വി.ആർ. പുരം, തച്ചുടപറമ്പ് വാർഡുകളിൽനിന്നും ഇവർ മാറി മത്സരിച്ചാണ് വിജയം നേടിയിരുന്നത്. ഷിബു വാലപ്പൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടശേഷമായിരിക്കും ആലിസ് ഷിബു വൈസ് ചെയർമാൻ സ്ഥാനം ഒഴിയുക.