ഗ്രൂപ്പ് വില്ലേജ് ഓഫീസറെ സ്ഥിരമായി നിയമിക്കുന്നില്ല, കോൺഗ്രസ് ഓഫീസ് ഉപരോധിച്ചു
1511208
Wednesday, February 5, 2025 2:09 AM IST
എരുമപ്പെട്ടി: കടങ്ങോട്, വെള്ളറക്കാട്, ചിറമനേങ്ങാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കടങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് ഉപരോധിച്ചു.
കാലങ്ങളായി വില്ലേജ് ഓഫീസിൽ സ്ഥിരമായി ഓഫീസറില്ല. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളിൽ ജനങ്ങളും പൊതുപ്രവർത്തകരും നിരന്തരം പരാതിപ്പെടുന്നുണ്ടെങ്കിലും വില്ലേജ് ഓഫീസറെ നിയമിക്കാൻ അധികൃതർ തയാറാകുന്നില്ല.
ഉപരോധത്തിന് ശേഷം വില്ലേജ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ എരുമപ്പെട്ടി പോലീസ് ഇൻസ്പെക്ടർ സി.വി.ലൈജുമോന്റെ നേതൃത്വത്തിൽ തടഞ്ഞു. പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ സമരത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം, യുഡിഎഫ് മണ്ഡലം ചെയർമാൻ സജീവ് ചാത്തനാത്ത്, നേതാക്കളായ സലാം വലിയകത്ത്, റഫീക്ക് ഐനിക്കുന്നത്ത്, എം.പി. സിജോ, പഞ്ചായത്ത് മെമ്പർമാരായ സൈബുന്നിസ ഷറഫു, രജിത ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.