അരിമ്പൂർ ഗ്രന്ഥശാലയിൽ പത്രമോഷണം; സിസിടിവിയിൽ കുടുങ്ങിയ "മോഷ്ടാവിനെ' തിരുത്താൻ പഞ്ചായത്ത്
1510585
Sunday, February 2, 2025 7:57 AM IST
അരിമ്പൂർ: പഞ്ചായത്തിന്റെ മഹാത്മാ ഗ്രന്ഥശാലയിൽ പൊതുജനങ്ങൾക്കു വായിക്കാനായി വച്ചിട്ടുള്ള പത്രങ്ങൾ മോഷണം പോകുന്നതു പതിവാകുന്നു. പരാതികൾ ഉയർന്നതോടെ ഗ്രന്ഥശാലയുടെ സമീപത്തു കാമറ സ്ഥാപിച്ചു പരിശോധിച്ചതിൽ രണ്ടുപേരാണ് പത്രങ്ങൾ കൊണ്ടുപോകുന്നത് എന്നു കണ്ടെത്തി. പത്തു പത്രങ്ങൾവരെ ഒരുമിച്ച് മോഷണം നടന്ന സാഹചര്യത്തിലാണ് നിരീക്ഷണം നടത്തിയത്.
ചുറ്റുപാടും നോക്കിയശേഷം രണ്ടു പത്രങ്ങൾ എടുത്ത് മുണ്ടിനുള്ളിൽ തിരുകിപ്പോകുന്ന ആളെ സിസിടിവി ദൃശ്യത്തിൽനിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടിൽതന്നെയുള്ള ആളുകളായതിനാൽ ഇവരെ പറഞ്ഞുമനസിലാക്കി നേർവഴിക്കു നടത്താനാണ് പഞ്ചായത്ത് തീരുമാനം. ഒരാളെ വിളിച്ച് താക്കീതു നൽകിയിട്ടുണ്ട്. തൽക്കാലം പോലീസിൽ പരാതി നൽകേണ്ടതില്ല എന്നാണ് തീരുമാനം.