പ്രതീകാത്മക അനാഛാദനം നടത്തി കോൺഗ്രസ്, തുണിവലിച്ചൂരി ബിജെപി
1510878
Tuesday, February 4, 2025 1:25 AM IST
തൃശൂർ: ശക്തൻ തമ്പുരാന്റെ പ്രതിമ പ്രതീകാത്മകമായി അനാഛാദനം ചെയ്തു കോൺഗ്രസ് കൗൺസിലർമാർ. തുടർന്നെത്തിയ ബിജെപി പ്രവർത്തകരും കൗൺസിലർമാരും മൂടിയിരുന്ന തുണി വലിച്ചുമാറ്റി പ്രതിമ ദൃശ്യമാക്കി.
ശക്തൻ പ്രതിമയുടെ താഴെ ശക്തൻ പ്രതിമയുടെ ഫ്ലക്സ്ബോർഡ് സ്ഥാപിച്ചാണ് കോൺഗ്രസ് കൗൺസിലർമാർ പ്രതീകാത്മക അനാഛാദനം നിർവഹിച്ചത്. തൃശൂരിന്റെ ശില്പിയായ ശക്തൻ തമ്പുരാന്റെ മുഖം ചുവന്ന തുണികൊണ്ടു മൂടിവച്ചിരിക്കുന്നതു നാടിന് അപമാനമാണെന്നു പ്രതീകാത്മക അനാഛാദനം നിർവഹിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് രാജൻ പല്ലൻ പറഞ്ഞു.
സിപിഐ മന്ത്രിയെയും എംഎൽഎയെയും കോൺഗ്രസ് കൗൺസിലർമാരെയും ഒഴിവാക്കി മേയർക്കു സ്വന്തംനിലയിൽ ഉദ്ഘാടനം ചെയ്യാൻ സിപിഎം നേതൃത്വവും മേയറും നടത്തിയ ഗൂഢാലോചനയാണു ശക്തൻ തമ്പുരാന്റെ പ്രതിമ അനാഛാദന വിവാദത്തിലേക്കെത്തിച്ചത്. ഏഴു ദിവസത്തിനുള്ളിൽ എല്ലാ വിഭാഗം രാഷ്ട്രീയപ്രതിനിധികളെയും ഉൾപ്പെടുത്തി പ്രതിമ അനാഛാദനം നിർവഹിച്ചില്ലെങ്കിൽ കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിമ അനാഛാദനം ചെയ്യുമെന്നു രാജൻ പല്ലൻ മുന്നറിയിപ്പു നൽകി.
ഉപനേതാവ് ഇ.വി. സുനിൽരാജ് അധ്യക്ഷത വഹിച്ചു. സ്റ്റാ ൻഡിംഗ് കമ്മിറ്റി ചെയർമാൻ മുകേഷ് കുളപ്പറമ്പിൽ സ്വാഗതവും ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള നന്ദിയും പറഞ്ഞു. കൗൺസിലർമാരായ ജോൺ ഡാനിയൽ, ജയപ്രകാശ് പൂവത്തിങ്കൽ, ശ്യാ മള മുരളീധരൻ, ലീല വർഗീസ്, ആൻസി ജേക്കബ്, നിമ്മി റപ്പായി, സുനിത വിനു, മേഫി ഡെൽസൺ, അഡ്വ.വില്ലി, എബി വർഗീസ്, എ.കെ.സുരേഷ് എന്നിവർ പങ്കെടുത്തു.
കോൺഗ്രസ് പ്രതിഷേധത്തി നുശേഷമാണ് ബിജെപി കോർപറേഷൻ പാർലമെന്ററി നേതാവ് വിനോദ് പൊള്ളാഞ്ചേരിയുടെ നേതൃത്വത്തിൽ ബിജെപി കൗൺസിലർമാരും പ്രവർത്തകരുമടക്കമുള്ളവരെത്തി പ്രതിമ മൂടിയിരുന്ന തുണി വലിച്ചുമാറ്റി പ്രതിഷേധിച്ചത്. തുടർന്നു പുഷ്പാർച്ചന നടത്തി. മേയർക്കും കോർപറേഷൻ ഭരണനേതൃത്വത്തിനും ജനങ്ങളോടു പ്രതിബദ്ധതയില്ലെന്നും ശക്തൻ തന്പുരാനെ അവഹേളിക്കുന്ന നടപടികളാണു കൈക്കൊള്ളുന്നതെന്നും വിനോദ് പൊള്ളാഞ്ചേരി കുറ്റപ്പെടുത്തി.
കൗൺസിലർമാരായ എൻ. പ്രസാദ്, ഡോ. വി. ആതിര, പൂർണിമ സുരേഷ്, കെ.ജി. നിജി, എൻ.വി. രാധിക, ബി ജെപി തൃശൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ എന്നിവർ പങ്കെടുത്തു.
മേയറുടെ പിൻമാറ്റം
അപമാനിച്ചശേഷം:
ജോണ് ഡാനിയൽ
തൃശൂർ: ശക്തൻ പ്രതിമയുടെ അനാഛാദനത്തിൽനിന്നു പിൻമാറിയെന്നു പറയുന്ന മേയറുടെ നടപടി അപകീർത്തിപ്പെടുത്തിയതിനുശേഷമെന്നു കൗണ്സിലർ ജോണ് ഡാനിയൽ. ഒന്നുമറിയില്ലെന്നു പറയുന്ന മേയർ എന്തിനാണു ധൃതിപിടിച്ച് ആരെയും അറിയിക്കാതെ സ്വയം അനാഛാദനത്തിനു മുൻകൈ എടുത്തതെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നും എനിക്കറിയില്ല: മേയർ
തൃശൂർ: ശക്തൻ പ്രതിമ കൊണ്ടുപോയതും തിരിച്ചുകൊണ്ടുവന്നതും എന്നാണെന്നു തനിക്കറിയില്ലെന്നു മേയർ എം.കെ. വർഗീസ്. പ്രതിമയുടെ അനാഛാദനം അവസാനനിമിഷം മാറ്റിവച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജൂണിലാണ് അപകടത്തിൽ പ്രതിമ തകർന്നത്. ഇതിനുശേഷം കെ എസ്ആർടിസി ശരിയാക്കിത്തരാമെന്നാണ് പറഞ്ഞത്. മന്ത്രി ഇടപെട്ട് ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാമെന്നു പിന്നീടു പറഞ്ഞു. പിന്നെയിതു കൊണ്ടുപോയതും കൊണ്ടുവന്നതും എപ്പോഴാണെന്ന് എനിക്കറിയില്ല. ഇതെത്രകാലം മൂടിവച്ച് ഇരിക്കുമെന്നും അറിയില്ല. ഇനിയിത് ആരു തുറന്നുകൊടുക്കുമെന്നു ചോദിച്ചാലും, അതും തനിക്കറിയില്ലെന്നായിരുന്നു മേയറുടെ പ്രതികരണം.