പുഴയ്ക്കലിൽ ശുചിമുറിമാലിന്യം തള്ളുന്നത് പതിവാകുന്നു
1511207
Wednesday, February 5, 2025 2:09 AM IST
തൃശൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ പുഴയ്ക്കൽ പാടത്ത് റോഡിനോട് ചേർന്നു ശുചിമുറി മാലിന്യം ഒഴുക്കിയ നിലയിൽ കണ്ടെത്തി. പ്രഭാതസവാരിക്ക് പോകുന്നവർക്കും മറ്റു യാത്രക്കാർക്കും മൂക്കും വായും പൊത്താതെ വഴിയിലൂടെ കടന്നു പോകാൻ പറ്റാത്ത അവസ്ഥയായി. പ്രദേശത്ത് വ്യാപകമായി ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്.
പ്രദേശത്തുള്ളവർക്കും കർഷകർക്കും ബുദ്ധിമുട്ട് ആക്കുന്നതിലുപരി കുടിവെള്ള സ്രോതസുകളിലും പുഴയ്ക്കലിലെ പുഴയിലും മാലിന്യം കലരുന്ന രീതിയിലാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ നിരന്തരമായി മാലിനും തള്ളുന്നത്. അധികാരികൾ ഇതിൽ ഇടപെട്ട് മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും പരിസരത്ത് സിസിടിവി കാമറ സ്ഥാപിക്കണമെന്നും വഴിയാത്രക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയിലും ഈ മേഖലയിൽ ശുചിമുറി മാലിന്യം തള്ളിയിരുന്നു.