വഴിയോരത്തെ പച്ചകുത്തൽ നിരക്ക് ചെറുതാകാം, അപകടം വലുതും
1510707
Monday, February 3, 2025 1:58 AM IST
സി.ജി. ജിജാസൽ
തൃശൂർ: ഒരിടവേളയ്ക്കുശേഷം നഗരത്തിൽ പച്ചകുത്തൽസംഘം വീണ്ടും സജീവമാകുന്പോഴും കണ്ടിട്ടും കാണാത്ത മട്ടു നടിക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ. റോഡരികുകളിലും നടപ്പാതകളിലും സ്ത്രീകൾ അടക്കമുള്ള ഇതരസംസ്ഥാന സംഘങ്ങൾ ഇടംപിടിക്കുന്പോൾ അവരെ നീക്കംചെയ്യാനോ മേൽനടപടികൾ സ്വീകരിക്കാനോ ആരും മുതിരുന്നില്ല. പൊതുവേ ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് സംഘങ്ങൾ തന്പടിക്കുന്നതെങ്കിലും ചുരുങ്ങിയ നിരക്കിൽ ഇഷ്ടപ്പെട്ട ഡിസൈൻ പച്ചകുത്താൻ സാധിക്കുമെന്ന തൊഴിലാളികളുടെ ഉറപ്പിൽ മലയാളികളും ഈ സംഘങ്ങൾക്കുമുൻപിൽ വീണുപോകുന്നുണ്ട്.
നൂറുരൂപമുതൽ ആയിരങ്ങൾവരെയാണ് പച്ചകുത്തലിനായി സംഘങ്ങൾ ഈടാക്കുന്നത്. 15 മിനിറ്റുമുതൽ അരമണിക്കൂറിനുള്ളിൽ പച്ചകുത്തൽ പൂർത്തീകരിക്കുമെന്നതിനാൽ സമയലാഭംനോക്കിയും പലരും ഇതിനു മുതിരുന്നു. മലയാളികളിൽ ഏറിയപങ്കും പേരുകൾ കുത്താനായാണ് വരുന്നതെന്നു തൊഴിലാളികൾ പറഞ്ഞു. റോഡരികിൽ ആയതിനാൽതന്നെ കൈത്തണ്ടയിലും കൈമസിലിലുമാണ് കൂടുതൽ പേരും പച്ചകുത്തുന്നത്. എന്നാൽ ഇതിനായി ഉപയോഗിക്കുന്ന സൂചികൾ സുരക്ഷിതമാണോ അല്ലയോ എന്നുറപ്പിക്കാതെയുള്ള ഇത്തരം പച്ചകുത്തൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു വഴിയൊരുക്കിയേക്കാം.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ടാറ്റൂകൾ പലതരത്തിൽ ഇന്നുണ്ടെങ്കിലും, താത്കാലികമായി നിലനിൽക്കുന്ന ടാറ്റൂ അത്ര അപകടകാരിയല്ല എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ അതും ചില സമയങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നു പ്രമുഖ ത്വക് രോഗവിദഗ്ധനും തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രഫസറുമായ ഡോ. ഡേവിഡ് പുതുക്കാടൻ പറഞ്ഞു.
പൂരപ്പറന്പുകളിലും വഴിയോരങ്ങളിലുമടക്കം കാണുന്ന താത്കാലിക ടാറ്റൂകൾ പൊതുവേ ബ്ലാക്ക് അയണ് ഓക്സൈഡ് കൊണ്ടാണ് ചെയ്യാറുള്ളത്. എന്നാൽ, പലയിടങ്ങളിലും അവ ഒഴിവാക്കി മെർക്കുറി അടക്കം ഉൾപ്പെടുത്തിയാണ് ശരീരത്തിൽ പതിക്കുന്നത്. ഇത് അലർജി അടക്കമുള്ള ബുദ്ധിമുട്ടുകൾ വരുത്തിത്തീർക്കും.
അതേസമയം, സ്ഥിരമായി നിലനിൽക്കുന്ന ടാറ്റൂകൾ സൃഷ്ടിക്കുന്നതു ഗുരുതരമായി രോഗങ്ങളാണെന്നു ഡോക്ടർ മുന്നറിയിപ്പുനൽകുന്നു. സിറിഞ്ചിൽ മഷിനിറച്ച് ചർമത്തിൽ കുത്തിയാണ് ഇത്തരം ടാറ്റൂകൾ ചെയ്യുന്നത്. ഈ മഷിയിൽ വലിയ അളവിൽ ലോഹം അടങ്ങിയിട്ടുണ്ട്. ഈ ലോഹം രക്തത്തിലേക്കു പ്രവേശിക്കുകയും കാൻസർപോലുള്ള മാരകരോഗങ്ങൾ വരാൻ ഇടയാക്കുകയും ചെയ്യുന്നു. അണുനശീകരണം നടത്താതെ ഒരേ സിറിഞ്ച് പലതവണ ഉപയോഗിക്കുന്നതു രോഗം ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരാനും ഇടയാക്കും. എയ്ഡ്സും കരളിനെ ബധിക്കുന്ന മഞ്ഞപ്പിത്തവും ഉൾപ്പെടെയുള്ള അണുബാധകൾക്കും പച്ചകുത്തൽ കാരണമാകുന്നുണ്ടെന്നും ഡോ. ഡേവിഡ് പുതുക്കാടൻ വ്യക്തമാക്കി.
അണുബാധലക്ഷണങ്ങൾ
# വിറയലോടെയുള്ള കടുത്ത പനി.
# ചുവന്നുതടിക്കുക.
# വെള്ളയോ മഞ്ഞയോ നിറത്തിൽ സ്രവം വരുക.
# ശരീരവേദന.
# ടാറ്റൂ ചെയ്ത സ്ഥലത്തു കഠിനമായ വേദന.
# കൈകാൽകഴപ്പ്, വയറിളക്കം, അമിതദാഹം.
# ഛർദ്ദി, തലചുറ്റൽ.