സ്വപ്നങ്ങളും പ്രതീക്ഷകളും പൊലിഞ്ഞു ; താമര വിരിയിച്ചിട്ടും, ഇവിടെ ഒന്നും കിട്ടിയില്ല...
1510591
Sunday, February 2, 2025 8:05 AM IST
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർക്കാരേ ശാന്തരാകുവിൻ... നിങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഇനി അടുത്ത ബജറ്റ് വരെ നീട്ടിവയ്ക്കാം. തൃശൂരിൽ താമര വിരിയിച്ചിട്ടും ഇവിടെ ഒന്നും കിട്ടിയില്ല എന്ന നിരാശയിലാണ് തൃശൂർക്കാർ.
സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രി ആയതുകൊണ്ട് ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ തൃശൂർ കുറച്ചധികം പ്രതീക്ഷകൾ വച്ചുപുലർത്തിയിരുന്നു. എന്നാൽ, ബജറ്റിൽ കേരളത്തോടു മൊത്തമായുള്ള അവഗണനയ്ക്കൊപ്പം കേരളത്തിൽനിന്നുള്ള ബിജെപിയുടെ ഏക ലോക്സഭാ എംപിയുടെ മണ്ഡലത്തെയും ധനമന്ത്രി കണ്ടതേയില്ല.
ഇടക്കാല ബജറ്റിൽ തൃശൂരിനെ കേന്ദ്രസർക്കാർ ഗൗനിക്കാതിരുന്നപ്പോൾ അടുത്ത ബജറ്റിൽ എല്ലാം ശരിയാകും എന്നായിരുന്നു ബിജെപിക്കാരും തൃശൂർക്കാരും കരുതിയത്. എന്നാൽ ബജറ്റ് പ്രഖ്യാപനങ്ങളിൽ മുങ്ങിത്തപ്പിയിട്ടുപോലും സുരേഷ് ഗോപി എംപിയുടെ മണ്ഡലത്തിന് ഒന്നുംതന്നെ കണ്ടെത്താനായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ എന്ന വിശേഷണം ഉണ്ടായിട്ടുപോലും, ബിജെപി കേന്ദ്രനേതൃത്വം തങ്ങൾക്ക് ഏറെ പ്രതീക്ഷയുള്ള സ്ഥലം എന്നു വിശേഷിപ്പിച്ചിട്ടുപോലും, തൃശൂർ ജില്ലയുടെ വികസനസ്വപ്നങ്ങൾക്കു മേൽ മണ്ണിട്ടുമൂടിയിരിക്കുകയാണ് കേന്ദ്ര ബജറ്റ്.
കേന്ദ്രസഹായത്തോടെ വികസനം കാത്തുകിടക്കുന്ന ചെറുതും വലുതുമായ നിരവധി പദ്ധതികളാണ് തൃശൂരിൽ ഉണ്ടായിരുന്നത്. എന്നാൽ അവയൊന്നുംതന്നെ ബജറ്റിൽ പറഞ്ഞിട്ടില്ല. പൊതുവേ പറഞ്ഞിട്ടുള്ള പല പദ്ധതികളുടെയും ഗുണഫലങ്ങൾ കുറച്ചൊക്കെ തൃശൂരിനും കിട്ടുമെന്നു കരുതാമെന്നുമാത്രം.
പേരെടുത്തുപറഞ്ഞു പ്രഖ്യാപിക്കുമെന്നു കരുതിയ പല വികസനപദ്ധതികളുംബജറ്റിൽ ഉണ്ടായില്ല. ടൂറിസം സർക്യൂട്ട് വികസനവും ജില്ലയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളുടെ നവീകരണവും കൊരട്ടിയിൽ കിട്ടുമെന്നുകരുതിയ എയിംസും എല്ലാംതന്നെ സ്വപ്നങ്ങളിലൊതുങ്ങി.
ആശ്വാസം ഇത്രമാത്രം
തൃശൂർ: കേന്ദ്രബജറ്റിൽ പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലെങ്കിലും കേന്ദ്രസഹമന്ത്രിയുടെ മണ്ഡലമായ തൃശൂരിന് ആശ്വസിക്കാൻ ചെറിയ ചില പ്രതീക്ഷാകിരണങ്ങളുണ്ട്.
സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റുകൾ വർധിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ആരോഗ്യസർവകലാശാലയ്ക്കും തൃശൂർ മെഡിക്കൽ കോളജിനും ഗുണം ചെയ്യും. ജില്ലാ ആശുപത്രികളിൽ അടുത്ത മൂന്നുവർഷത്തിനകം കാൻസർ സെന്റർ തുടങ്ങുമെന്ന പ്രഖ്യാപനവും ജില്ലയ്ക്കു നേട്ടമാവാം. ഗ്രാമീണമേഖലയിലെ ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് കണക്ടിവിറ്റി ഉറപ്പാക്കുമെന്നതും പ്രതീക്ഷയാണ്.
എംഎസ്എംഇകളെ സഹായിക്കാനുള്ള തീരുമാനവും ജില്ലയ്ക്ക് ആശ്വാസം പകരുന്നതാണ്. ടൂറിസം വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ തൃശൂരിന് വലിയ പ്രതീക്ഷയാണ്. നിലവിലെ ടൂറിസം കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ ഉയർത്തുമെന്ന പ്രഖ്യാപനത്തോടൊപ്പം ഹോം സ്റ്റേയ്ക്കായി മുദ്ര ലോണുകൾ നൽകുമെന്ന പ്രഖ്യാപനം തൃശൂരിലെ ടൂറിസം മേഖലകളിൽ ഉണർവുനൽകുമെന്ന് വിദഗ്ധർ പറയുന്നു.
പഴം പച്ചക്കറി ഉത്പാദനത്തിനും സംഭരണത്തിനും സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കുന്പോൾ കേരള കാർഷിക സർവകലാശായ്ക്കും നേട്ടമുണ്ടാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മത്സ്യത്തൊഴിലാളികൾക്കായി പ്രഖ്യാപിച്ച പ്രത്യേക പദ്ധതികളിൽ തൃശൂരിലെ തീരദേശമേഖലയും പ്രതീക്ഷയർപ്പിക്കുന്നുണ്ട്.
ആയുര്‍വേദ മേഖലയ്ക്ക് അനുകൂലം
തൃശൂര്‍: കേന്ദ്രബജറ്റ് രാജ്യത്തെ ആയുര്‍വേദ മേഖലയ്ക്കു ഗുണകരമാണെന്ന് ആയുര്‍വേദിക് മെഡിസിന് മാനുഫാക്ചേഴ്സ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ഡി. രാമനാഥന്. ടൂറിസം രംഗത്ത് നടപ്പാക്കുന്ന അമ്പതില്പരം ടൂറിസം ഡസ്റ്റിനേഷനുകള്‍ സംസ്ഥാനത്തിന് പ്രാധാന്യം നല്‍കുന്നതാണ്.
മെഡിക്കല്‍ ടൂറിസം വിസ സ്വകാര്യമേഖലയിലും അനുവദിക്കുമെന്നും വിസാചട്ടങ്ങള്‍ ലഘൂകരിക്കുമെന്നുമുള്ള പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഇതിലൂടെ സംസ്ഥാനത്ത് ആയുര്‍വേദ ചികിത്സയ്ക്കു കൂടുതല്‍ വിദേശികള്‍ എത്തും. റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റിന് 20,000 കോടി രൂപ കൂടുതല്‍ അനുവദിച്ചത് രാജ്യത്തെ ആരോഗ്യരംഗത്തിനും ഏറെ ഗുണം ചെയ്യും.
രാജ്യത്തിന്റെ വികസനത്തിനു വേഗംകൂട്ടുന്ന ബജറ്റ്: ജസ്റ്റിൻ ജേക്കബ്
തൃശൂർ: രാജ്യത്തിന്റെ വികസനത്തിനു വേഗംകൂട്ടുന്ന ബജറ്റാണ് ഇന്നലെ പ്രഖ്യാപിച്ചതെന്നു ബിജെപി തൃശൂർ സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യവികസനത്തിനും കയറ്റുമതിനയങ്ങൾക്കും സാധാരണക്കാരായ തൊഴിലാളികൾമുതൽ വനിതകൾ, ചെറുകിട കച്ചവടക്കാർ, കർഷകർ തുടങ്ങി രാജ്യത്തിന്റെ സർവതലസ്പർശിയായ സമൂഹത്തിന്റെ ഉന്നമനവും അതുവഴി ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുമുള്ള നയങ്ങളുമാണ് ബജറ്റിന്റെ കാതൽ. 12 ലക്ഷം വരെ വാർഷികവരുമാനമുള്ളവരുടെ ആദായനികുതി ഒഴിവാക്കിയതുവഴി ചെറുകിട കച്ചവടക്കാർക്കും മാസശന്പളക്കാർക്കും വലിയ ആശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.