സഹായക ഉപകരണലഭ്യത ഉറപ്പാക്കല്‍: നേട്ടം കൈവരിച്ച് ആളൂര്‍ പഞ്ചായത്ത്
1510718
Monday, February 3, 2025 1:58 AM IST
ആളൂര്‍: അര്‍ഹതപ്പെട്ട മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സഹായക ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ഗ്രാമപ്പഞ്ചായത്ത് എന്ന ബഹുമതി ഇനി ആളൂര്‍ പഞ്ചായത്തിന്.
ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സഹായക സാങ്കേതികവിദ്യ പരിശീലനപരിപാടിയും പഞ്ചായത്തിന്റെ പദ്ധതിയും സംയോജിപ്പിച്ചാണ് നേട്ടം കൈവരിച്ചത്. ചലനോപകരണങ്ങള്‍, കാഴ്ചസഹായ ഉപകരണങ്ങള്‍, സ്വയം പരിചരണ ഉത്പന്നങ്ങള്‍ എന്നിവ ലോകാരോഗ്യസംഘടനയും മറ്റ് സഹായക ഉപകരണങ്ങള്‍ പഞ്ചായത്ത് പദ്ധതിയില്പെടുത്തിയുമാണ് നല്‍കുക. ഇതിന്റെ ഒന്നാംഘട്ട വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം പി.കെ. ഡേവിസ് നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷതവഹിച്ചു. നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു മുഖ്യപ്രഭാഷണംനടത്തി.
വൈസ് പ്രസിഡന്റ് രതി സുരേഷ് സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രാഗി നന്ദിയുംപറഞ്ഞു. ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ ഷൈനി തിലകന്, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. മുപ്പതുലക്ഷം രൂപയാണ് ലോകാരോഗ്യസംഘടനയും ഗ്രാമപ്പഞ്ചായത്തും പദ്ധതിക്കായി ചെലവിടുന്നത്.
പഞ്ചായത്തില്നടത്തിയ സര്‍വേയില്‍ 528 പേര്‍ക്കാണ് സഹായക ഉപകരണങ്ങള്‍ ആവശ്യമുള്ളതായി കണ്ടെത്തിയത്. ആവശ്യക്കാരായ മുഴുവന്‍ പേര്‍ക്കും ഉപകരണങ്ങള്നല്കാന് പദ്ധതി തയാറാക്കിയിട്ടുണ്ട്.