ഗതാഗതക്കുരുക്ക്; നഗരം നിശ്ചലം
1511196
Wednesday, February 5, 2025 2:09 AM IST
സ്വന്തം ലേഖകന്‍
തൃശൂര്‍: ചുട്ടുപൊള്ളുന്ന ചൂടില്‍ വട്ടംകറക്കി ഗതാഗതനിയന്ത്രണവും വന്നതോടെ വലഞ്ഞ് യാത്രക്കാരും പോലീസും. കൂര്‍ക്കഞ്ചേരി കുറുപ്പംറോഡ് കോണ്ക്രീറ്റിംഗിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഗതാഗതം ഇഴഞ്ഞു. രണ്ടു ദിശകളിലൂടെ കടത്തിവിട്ട റോഡുകള്‍ വണ്‍വേ ആക്കിയതോടെ നഗരത്തിലെമ്പാടും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. ഇടറോഡുകളിലും വാഹനങ്ങള്‍ തിങ്ങിഞെരുങ്ങി.
പോസ്റ്റ് ഓഫീസ് റോഡ് വണ്‍വേ ആക്കിയതോടെ കച്ചവടസ്ഥാപനങ്ങള്‍ക്കും തിരിച്ചടിയായി. ഈ വഴി വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ കടകളിലേക്കു സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കു പാര്‍ക്ക് ചെയ്യാനും കഴിയാത്ത സ്ഥിതിയായി. വെളിയന്നൂര്‍ -ദിവാന്‍ജിമൂല റോഡില്‍ ഇരുദിശകളിലും വാഹനമോടാന്‍ തുടങ്ങിയതോടെ ഇവിടെയും കുരുക്കാണ്. പൂത്തോളില്‍നിന്ന് മേല്‍പ്പാലം കയറി വരുന്ന ഭാരവാഹനങ്ങള്‍ ദിവാന്‍ജി മൂലയിലെത്തി വലത്തോട്ടുതിരിഞ്ഞു കെഎസ്ആര്‍ടിസി എമറാള്‍ഡ് ജംഗ്ഷനില്‍ എത്തി ഇടത്തോട്ട്തിരിഞ്ഞ് വെളിയന്നൂര്‍, റിംഗ് റോഡ് ജംഗ്ഷന് വഴിയാണ് സര്‍വീസ് നടത്തുന്നത്.
ട്രാഫിക് എന്‍ഫോഴ്സ്മെന്റ് നിര്‍ദേശിച്ച ഗതാഗതനിയന്ത്രണം ഇന്നലെ രാവിലെ മുതല്‍ പല റോഡുകളിലും നടപ്പാക്കി. ട്രാഫിക് എസ്ഐയുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞാണു പോലീസ് ഓരോ റൂട്ടിലും പരിഷ്കാരം നടപ്പാക്കിയത്. ഒരോ വഴിയിലും വണ്ടികള്‍ തിരിച്ചുവിട്ടശേഷം അടുത്തവഴിയില് നിയന്ത്രണം കൊണ്ടുവന്നതും വാഹനയാത്രികരെ ആശയക്കുഴപ്പത്തിലാക്കി. മുന്‍കൂര്‍ അറിയിപ്പ് നല്കിയ റോഡുകളില്‍ ഇന്നലെ വൈകിട്ടോടെ നിയന്ത്രണം നടപ്പാക്കിയെന്ന് ട്രാഫിക് എസ്ഐ പറഞ്ഞു.
എത്ര ദിവസം ഈ കുരുക്ക്
തൃശൂര്‍: കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാക്കി എന്നു ഗതാഗതം പഴയപടിയാകുമെന്നു ചോദിച്ചാല്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. 87 ദിവസം വേണ്ടിവരുമെന്നാണു പോലീസിനു ലഭിച്ച മറുപടി. കോണ്ക്രീറ്റിംഗിനുശേഷം ഉറയ്ക്കുന്നതുവരെ ഗതാഗതം സാധ്യമല്ല. കൂടുതല്‍ നീളാനാണു സാധ്യതയെന്നും പറയുന്നു. സ്വകാര്യ വാഹനങ്ങള്‍ പരമാവധി ഒഴിവാക്കി ഈ ദിവസങ്ങളില്‍ പൊതുഗതാഗതം ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. വഴിയരികിലെ പാര്‍ക്കിംഗും പാടില്ലെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തണം
തൃശൂര്‍: നട്ടപ്പൊരിവെയിലില് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പണിപ്പെട്ട പോലീസ് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം: സ്വകാര്യ കെ എസ്ആര്ടിസി ബസുകള്‍ സ്റ്റോപ്പുകളില്നിന്നു മാത്രം ആളെ എടുക്കണം! വെളിയന്നൂര്‍ ദിവാന്‍ജി മൂല റോഡിലും ശക്തന് ബസ് സ്റ്റാന്‍ഡ് കെഎസ്ആര്‍ടിസി റോഡിലും വാഹനപ്രളയമാണ്. സ്റ്റാന്‍ഡില്‍ നിന്നിറങ്ങി കെഎസ്ആര്‍ടിസി ബസുകളും പൂത്തോള്‍ ഭാഗത്തേക്കു പോകുന്ന സ്വകാര്യ ബസുകളും ആരു കൈകാട്ടിയാലും നിര്‍ത്തുന്നത് നിമിഷങ്ങള്‍ക്കുള്ളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാക്കും. മുന്‍കൂട്ടി നിശ്ചയിച്ച സ്റ്റോപ്പുകളില്നിന്നു മാത്രം ആളെ കയറ്റണമെന്നു പോലീസ് നിര്‍ദേശിച്ചു.